News
ഷോട്ട് പുട്ടില്‍ ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തി കൃഷ്ണ
ഒരു വര്‍ഷം മുമ്പ് 6.01 മീറ്ററില്‍ നിന്നാരംഭിച്ച ഉയര്‍ച്ചയാണ് ഇത്ര വേഗത്തില്‍ ദേശീയ റെക്കോര്‍ഡിലേക്കെത്തിയത്.
അമേരിക്കന്‍ മണ്ണില്‍ വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി കൃഷ്ണ ജയശങ്കര്‍ മേനോന്, ഫെബ്രുവരി 14ന് ഡോണ്‍ കിര്‍ബി എലീറ്റ് ഇന്വിറ്റേഷനില് മത്സരത്തില്‍ വനിതകളുടെ ഷോട്ട് പുട്ടില്‍ 16.83 മീറ്റര്‍ ദൂരം താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇന്‍ഡോര്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്.
ജനുവരി 31ന് 16.63 മീറ്റര്‍ നേടിയതായിരുന്നു മുന്‍ നേട്ടം. ഒരു വര്‍ഷം മുമ്പ് 6.01 മീറ്ററില്‍ നിന്നാരംഭിച്ച ഉയര്‍ച്ചയാണ് ഇത്ര വേഗത്തില്‍ ദേശീയ റെക്കോര്‍ഡിലേക്കെത്തിയത്.
ഈ മാസം 27, 28 തീയതികളില്‍ എന്‍. സി.എ. എ മൗണ്ടന്‍ വെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആണ് കൃഷ്ണയുടെ അടുത്ത വേദി. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയായ 16.25 മീറ്റര്‍ ഇതിനകം തന്നെ കൃഷ്ണ മറികടന്നിട്ടുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സീനിയര്‍ ഫെഡറേഷന് കപ്പില്‍ പങ്കെടുക്കണം. ഇതിന് ഏപ്രിലില്‍ ഇന്ത്യയിലെത്താനാണ് തീരുമാനം.
മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീം നായകന് ജയശങ്കര്‍ മേനോന്റെയും പ്രസന്നകുമാരിയുടെയും മകളായ കൃഷ്ണ, യു.എസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ഈ മികവ് കൈവരിച്ചത്.
kerala
ആഗോള അയ്യപ്പ സംഗമം; വിതരണത്തിനെത്തിച്ച അരവണയിലും വെട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
ആഗോള അയ്യപ്പ സംഗമത്തില്‍ വിതരണത്തിനെത്തിച്ച അരവണയിലും വെട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിന് അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയില്‍ എത്തിച്ചിരുന്നു. ഇതില്‍ 900 പേര്‍ക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയില്ലെന്നും വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ദേവസ്വം വിജിലന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയത്.
kerala
പി.ആറില്‍ നാണം കെട്ട് സിപിഎം; എം.വി ഗോവിന്ദന് സംഭാവന ചെയ്ത പണം സിപിഎം നേതാക്കള്‍ നല്‍കിയതാണെന്ന് വയോധികന്
പണം കൊടുത്താല്‍ ഗോവിന്ദന് മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്കിയവര് പറഞ്ഞിരുന്നതായും മൊയ്തീന് വ്യക്തമാക്കി.
വികസന മുന്നേറ്റ ജാഥയ്ക്കിടെ പെന്ഷന് പണം ആണെന്ന് പറഞ്ഞ് നല്കിയ 2000 രൂപ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വൃദ്ധന് തന്നെ തിരികെ നല്കിയ വീഡിയോയില്‍ നാണം കെട്ട് സി.പി.എം. സ്വമനസ്സാലെ പണം നല്‍കിയതല്ലെന്നും, ചിലര്‍ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്കി വീഡിയോ എടുത്തതാണെന്നുമാണ് പണം നല്കിയ മൊയ്തീന് പറയുന്നത്. പണം കൊടുത്താല്‍ ഗോവിന്ദന് മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്കിയവര് പറഞ്ഞിരുന്നതായും മൊയ്തീന് വ്യക്തമാക്കി.
‘ആ പണം എന്റേതല്ല. പണം എന്റെ കയ്യില്‍ തന്നതാണ്. ഫോട്ടോ എടുപ്പിച്ചതാണ്. ഞാന്‍ പോരുവാന്ന് പറഞ്ഞ് പോന്നതാണ്. പിന്നെ അവര്‍ അങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുപോയതാണ്. ഗോവിന്ദന് മാഷിന് കൊടുത്ത പണം തിരികെ തരുമെന്നും നേതാക്കന്മാര് പറഞ്ഞിരുന്നു. അങ്ങനെ കൊടുത്തു. തിരിച്ച് തരുകയും ചെയ്തു. ഞാന്‍ മനസ്സറിഞ്ഞ് കൊടുത്തതല്ല. സ്റ്റേജില്‍ കേറ്റാന്‍ വേണ്ടി ചെയ്ത പണിയാ… ചെയ്യണ്ടായിരുന്നു.’ മൊയ്തീന് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴാണ് വയോധികന് എത്തി, പെന്ഷന് ലഭിച്ചതാണെന്ന് പറഞ്ഞ് 2000 രൂപ പോക്കറ്റില്‍ നിന്നെടുത്ത് എംവി ഗോവിന്ദന് നല്‍കിയതിന്റെ വീഡിയോ വൈറലായിരുന്നു. സര്‍ക്കാരില്‍ നിന്നും പെന്ഷന് കിട്ടിയ തുടകയാണെന്നും, യുഡിഎഫ് വന്നാല്‍ ഇനി ഇതു കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീന് പണം നല്‍കിയത്. പണം വാങ്ങി എണ്ണിനോക്കിയ എംവി ഗോവിന്ദന് തിരികെ തുക മൊയ്തീന്റെ പോക്കറ്റില്‍ ഇട്ടു നല്‍കുകയുമായിരുന്നു.
News
ഷൂസിലും ചെവിയിലും ബ്ലൂടൂത്ത്; ഗേറ്റ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി ശ്രമം, ആറ് പേര് അറസ്റ്റില്‍
പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ ഷൂസ് അനുവദിച്ചിരുന്ന സുരക്ഷാ ഇളവ് മുതലെടുത്താണ് പ്രതികള്‍ സൂക്ഷ്മ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചത്.
റായ്പൂര്‍: റായ്പൂര്‍യില്‍ നടന്ന ഗേറ്റ് (Graduate Aptitude Test in Engineering) പരീക്ഷയില്‍ ഹൈടെക് കോപ്പിയടി ശ്രമം. മൂന്ന് പരീക്ഷാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഹരിയാന സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ ഷൂസ് അനുവദിച്ചിരുന്ന സുരക്ഷാ ഇളവ് മുതലെടുത്താണ് പ്രതികള്‍ സൂക്ഷ്മ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചത്. ചെറിയ ഇയര്‍പീസുകള്‍ ചെവിയില്‍ ഘടിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. പരീക്ഷ ആരംഭിച്ചതിന് ശേഷം ശുചിമുറിയില്‍ പോകാനെന്ന വ്യാജേന പുറത്തേക്ക് നീങ്ങി ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി പുറത്തുള്ള സംഘവുമായി ബന്ധപ്പെടുകയായിരുന്നു പദ്ധതി.
പുറത്ത് ഉണ്ടായിരുന്ന സംഘം ചോദ്യങ്ങള്‍ സ്വീകരിച്ച് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി ബ്ലൂടൂത്ത് വഴി കൈമാറുകയായിരുന്നു. സിഡി നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പരീക്ഷാ കേന്ദ്രത്തിന് ചുറ്റും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.
ഹരിയാനയില്‍ നിന്നുള്ള മുഖ്യപ്രതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ഉപകരണങ്ങളും നല്‍കിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സന്ദീപ് പട്ടേല്‍ അറിയിച്ചു. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകള്‍, നാല് ബ്ലൂടൂത്ത് ഉപകരണങ്ങള്‍, മൂന്ന് ബ്ലൂടൂത്ത് ഇയര്‍പീസുകള്‍ ഉള്‍പ്പെടെ നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ കണ്ടെടുത്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ സംഘം മുമ്പും മറ്റ് മത്സര പരീക്ഷകളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india1 day agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
