കശ്മീര്‍: വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈനികത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. പഞ്ച്‌ഗോണ്‍ സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് ആക്രമണമുണ്ടായത്. കനത്ത മൂടല്‍മഞ്ഞുള്ളതിനാല്‍ അതിന്റെ മറവില്‍ ക്യാമ്പിലെത്തിയ തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ക്യാപ്റ്റന്‍ ആയുഷ് കൊല്ലപ്പെട്ടതായാണ് വിവരം. മറ്റു രണ്ട് സൈനികരുടെ പേരു വിവരങ്ങള്‍ അറിവായിട്ടില്ല. അതേസമയം, സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചു. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തീവ്രവാദികള്‍ ആക്രമിച്ച ഉറിയിലെ കരസേനത്താവളത്തിന് നൂറു മീറ്റര്‍ അകലെയാണ് ഇന്ന് ആക്രമണമുണ്ടായ സൈനിക ക്യാമ്പ്. അന്നത്തെ ഉറി ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.