ഷില്ലോങ്: മേഘാലയിലെ ഈസ്റ്റ് ജയന്തിയാ ഹില്‍സില്‍ നടന്ന കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി. ഇന്നലെ വൈകിട്ട് കൂടി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തന സംഘങ്ങളുടെ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മയന്‍സങ്ത്-താങ്‌സ്‌കോ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍ അപകടം ഉണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അപകടസമയത്ത് ഖനിയില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ കൃത്യമായ രേഖകള്‍ ഇല്ലായിരുന്നു. ഇതുമൂലം ഇനിയും നിരവധി പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ 12 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.