തിരുവനന്തപുരം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ബണ്‍ പകര്‍പ്പായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. എന്‍ സുബ്രഹ്‌മണ്യന്‍ കൊലക്കേസിലെ പ്രതിയാണോ എന്ന് ചോദിച്ച വേണുഗോപാല്‍, അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെന്നും വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നും പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പുതിയ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ നടപടികളെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷയുള്ളതെന്നും, എന്‍ സുബ്രഹ്‌മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നടപടികളിലൂടെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
അതേസമയം, മൊഴിയെടുക്കാനെന്ന പേരിലാണ് പൊലീസ് തന്നെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതെന്ന് എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതായും, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചേവായൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സുബ്രഹ്‌മണ്യനെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് അടക്കമുള്ള നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി.