പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കഴിഞ്ഞ 13ന് കാണാതായ മങ്കലരത്തൊടി മുഹമ്മദ് സലീംഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീന്‍(9)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധു പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. കസ്റ്റഡിയിലുള്ള ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി ആനക്കയം പാലത്തിന് സമീപം പുഴയില്‍ കുട്ടിക്കായി മഞ്ചേരി പൊലീസും അഗ്‌നിശനമനാ സേനയും വെള്ളിയാഴ്ച വൈകീട്ടോടെ തിരച്ചില്‍ നടത്തി.
മുഹമ്മദ് ഷഹീമിന്റെ സ്‌കൂള്‍ ബാഗും യൂണിഫോമും 16 കിലോമീറ്റര്‍ അകലെ ആനക്കയത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് പ്രതിയിലേക്കെത്തിയെതെന്നാണ് സൂചന. എടയാറ്റൂര്‍ ഡി.എന്‍.എം.എ യു.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹീന്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ എടയാറ്റൂര്‍ പോസ്‌റ്റോഫീസ് പരിസരത്ത് നിന്ന് 13ന് രാവിലെ പത്ത് മണിക്കാണ് കാണാതായത്. അന്ന് തന്നെ രാവിലെ 11 മണിക്ക് കുട്ടിയെ കാണാതായതായി കാണിച്ച് മേലാറ്റൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലം കാണാത്തതിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്ക് 16ന് പരാതി നല്‍കി. തുടര്‍ന്നും അന്വേഷണം ഇഴഞ്ഞപ്പോള്‍ ആക്ഷന്‍ കമ്മിറ്റി 18ന് പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും നടത്തിയിരുന്നു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനാണ് അന്വേഷണം നടത്തുന്നത്.