News

‘ഹാര്‍ദ്ദിക്കിന്റെ പകരക്കാരനല്ല’; നിതീഷ് കുമാര്‍ റെഡ്ഡിയെതിരെ ശ്രീകാന്തിന്റെ തുറന്നടിക്കല്‍

By webdesk17

January 05, 2026

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ അടുത്ത ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെതിരെ മുന്‍ ഇന്ത്യന്‍ താരവും മുന്‍ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് കടുത്ത വിമര്‍ശനം ഉയര്‍ത്തി. നിതീഷിനെ ബൗളറായി ഉപയോഗിച്ചാല്‍ എതിരാളികള്‍ അടിച്ചുപറത്തുമെന്ന് ശ്രീകാന്ത് തുറന്നടിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വിശ്രമം അനുവദിച്ചതോടെയാണ് നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടീമില്‍ അവസരം ലഭിച്ചത്. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ പകരക്കാരനായി നിതീഷിനെ കാണാനാകില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ്-മൂന്നിലും ടീമിന് സംഭാവന നല്‍കാന്‍ കഴിയുന്ന താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാര്‍ റെഡ്ഡി ഇതുവരെ ഇന്ത്യക്കായി 10 ടെസ്റ്റ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 396 റണ്‍സും 8 വിക്കറ്റും നേടിയിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. വിക്കറ്റൊന്നും സ്വന്തമാക്കാനായിട്ടില്ല. പല മത്സരങ്ങളിലും നിതീഷിന് ബൗളിംഗ് പോലും നല്‍കാറില്ലെന്നും, തുടര്‍ച്ചയായി മൂന്ന്-നാല് ഓവര്‍ പോലും എറിയിക്കാന്‍ കഴിയാത്ത താരത്തെ ഓള്‍റൗണ്ടറായി പരിഗണിക്കുന്നത് യുക്തിസഹമല്ലെന്നും ശ്രീകാന്ത് വിമര്‍ശിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ തീരുമാനത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, പ്രസീദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.