Connect with us

News

എലിപ്പനിക്ക് പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരം സ്വദേശി മരിച്ചു

കഴിഞ്ഞ മാസം നാലിന് എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുധാകരന് രണ്ട് ദിവസം മുന്‍പാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: എലിപ്പനിക്ക് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയായ ഡി. സുധാകരന്‍ (58) ആണ് മരിച്ചത്.

കഴിഞ്ഞ മാസം നാലിന് എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുധാകരന് രണ്ട് ദിവസം മുന്‍പാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന സുധാകരന്‍ ഇന്നലെയാണ് മരണപ്പെട്ടത്. രോഗം ബാധിച്ച ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രോഗബാധയെ തുടര്‍ന്ന് ഏകദേശം 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2024ല്‍ 39 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2025ല്‍ ഇതുവരെ 47 പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതായാണ് കണക്ക്. 2024ല്‍ മരണസംഖ്യ ഒന്‍പതായിരുന്നു.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

kerala

ശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി

ശബരിമലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി പറഞ്ഞു.

Published

on

ഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി. ശബരിമലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി പറഞ്ഞു.

ഇതേവിഷയത്തില്‍ മറ്റൊരു ഹരജിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി ശങ്കരദാസ് ഹരജി നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് പരാമര്‍ശമെന്ന് ശങ്കരദാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വലിയ ക്രമക്കേടാണ് നടന്നതെന്നും സുപ്രീം കോടതി അറിയിച്ചു. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍.വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും എന്നായിരുന്നു കോടതിയുടെ ചോദ്യം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറാഴ്ച കൂടി സമയമാണ് ഡിവിഷന്‍ ബെഞ്ച് നീട്ടി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് കൂടുതല്‍ സമയം വേണമെന്ന എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ചത്. എസ്. ശശിധരന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടപടികള്‍. സ്വമേധയാ സ്വീകരിച്ച ഹരജി ഹൈക്കോടതി ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് എസ്‌ഐടി കോടതിയില്‍ നല്‍കും.

 

 

Continue Reading

News

‘റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഫലമനുഭവിക്കും’; ഇന്ത്യക്കെതിരെയും ട്രംപിന്റെ ഭീഷണി

താരിഫ് ഇനിയുമുയര്‍ത്തും എന്ന് സൂചിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം.

Published

on

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഫലമനുഭവിക്കുമെന്ന് ഇന്ത്യക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണയ്ക്കു വേണ്ടിയുള്ള വെനസ്വേലന്‍ കടന്നാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത ഭീഷണി. താരിഫ് ഇനിയുമുയര്‍ത്തും എന്ന് സൂചിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം. മോദി നല്ലൊരു വ്യക്തിയാണ്. എന്നാല്‍, താന്‍ സന്തോഷവാനല്ലെന്ന് മോദിക്കറിയാം.

എന്നെ സന്തോഷവാനാക്കേണ്ടത് അത്യാവശ്യമാണ്. റഷ്യന്‍ എണ്ണ പ്രശ്‌നത്തില്‍ അമേരിക്കക്കൊപ്പം നില്‍ക്കണം. ഇല്ലെങ്കില്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഉയര്‍ത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. നേരത്തെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ഉറപ്പ് മോദി തനിക്ക് നല്‍കിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അത്തരത്തില്‍ യാതൊരു ഉറപ്പും ട്രംപിന് നല്‍കിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ കഴിഞ്ഞ സെപ്തംബറിലാണ് പ്രാബല്യത്തില്‍ വന്നത്. പറയുന്നതനുസരിച്ചില്ലെങ്കില്‍ അത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

 

Continue Reading

News

യുഎസില്‍ ഇന്ത്യന്‍ വംശജ കുത്തേറ്റ് കൊല്ലപ്പെട്ടു; മുന്‍ കാമുകന്‍ ഇന്ത്യയിലേക്ക് കടന്നതായി സംശയം

യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുവത്സരദിനത്തില്‍ കാണാതായ ഇന്ത്യന്‍ വംശജ യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിലെ താമസക്കാരിയും ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റുമായ നികിത ഗോഡിശാല (27)യാണ് കൊല്ലപ്പെട്ടത്.

നികിതയുടെ മുന്‍ കാമുകനായ അര്‍ജുന്‍ ശര്‍മയുടെ (26) മെരിലാന്‍ഡിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നികിതയെ കൊലപ്പെടുത്തിയ ശേഷം അര്‍ജുന്‍ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞതായി ഹോവാര്‍ഡ് കൗണ്ടി പൊലീസ് സംശയിക്കുന്നു.

നികിതയെ കാണാനില്ലെന്നു കാണിച്ച് ജനുവരി രണ്ടിന് അര്‍ജുന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2025 ഡിസംബര്‍ 31ന് രാത്രി നികിതയെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ കണ്ടിരുന്നുവെന്നും പിന്നീട് വിവരമില്ലെന്നുമായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ അര്‍ജുന്‍ ഡാലസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതായും പൊലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജനുവരി മൂന്നിന് അര്‍ജുന്റെ അപ്പാര്‍ട്ടുമെന്റില്‍ നടത്തിയ പരിശോധനയിലാണ് കുത്തേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 31ന് വൈകിട്ട് ഏഴ് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹോവാര്‍ഡ് കൗണ്ടി പൊലീസ് അറിയിച്ചു. അര്‍ജുനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും യുഎസ് ഫെഡറല്‍ നിയമ നിര്‍വഹണ ഏജന്‍സികളുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അര്‍ജുനെ യുഎസിലേക്ക് തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു.

നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്‍കുന്നുണ്ടെന്ന് വാഷിങ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റുചെയ്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

2022ലാണ് നികിത അമേരിക്കയിലെത്തിയത്. കൊളംബിയ, മെരിലാന്‍ഡ് എന്നിവിടങ്ങളിലെ ‘വ്‌ഹേദ ഹെല്‍ത്ത്’ എന്ന സ്ഥാപനത്തില്‍ ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2025 ഫെബ്രുവരിയില്‍ ഈ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച നികിത, ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിന് ‘ഓള്‍ഇന്‍ അവാര്‍ഡ’് നേടിയിരുന്നു.

ഇതിന് മുന്‍പ് ‘മാനേജ്‌മെന്റ് സയന്‍സസ് ഫോര്‍ ഹെല്‍ത്ത’ എന്ന സ്ഥാപനത്തില്‍ ഡേറ്റ അനാലിസിസ് ആന്‍ഡ് വിസ്വലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ് (ടെക്‌നിക്കല്‍ അഡൈ്വസര്‍) ആയി ഒരു വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ബാള്‍ട്ടിമോര്‍ കാമ്പസില്‍ നിന്നാണ് നികിത മാസ്‌റ്റേഴ്‌സ് ബിരുദം നേടിയത്.

 

Continue Reading

Trending