ന്യൂഡല്‍ഹി: കറാച്ചിക്ക് സമീപം സോണ്‍മിയാനില്‍ പാക്കിസ്താന്റെ മിസൈല്‍ പരീക്ഷണം. 290കിലോമീറ്റര്‍ ദൂരപരിധിയാണ് പുതിയ മിസൈലിനുള്ളത്. പാക് സൈനിക വക്താവ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പാക് കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് കടന്നതായി സൂചനയുണ്ട്. ഗുജറാത്തിലെ ഗള്‍ഫ് ഒഫ് കച്ച് മേഖലയിലാണ് പാകിസ്താന്റെ മറൈന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് കനത്ത സുരക്ഷയാണ് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാക് നാവിക സേനയുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്ത്യന്‍ നാവികസേനാ മേധാവിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് നുഴഞ്ഞു കയറ്റം ഉണ്ടായിരിക്കുന്നത്.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് പാക്കിസ്താന്‍ പരീക്ഷിച്ചത്. ഗസ്‌നവി മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പാക്കിസ്താന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്മന്ത്രിയുടെ പരാമര്‍ശം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇത് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.