kerala

പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകം: റിമാൻഡ് റിപ്പോർട്ട് പുറത്ത്, രാംനാരായണനെ ക്രൂരമായി മർദിച്ചതായി സ്ഥിരീകരണം

By webdesk18

December 22, 2025

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അതിക്രൂരമായ ആക്രമണം നടത്തിയതായി റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചെന്നും, മുഖത്തും മുതുകിലും ചവിട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം യുവാവ് റോഡിൽ കിടന്നുവെന്നും രേഖകളിലുണ്ട്.

സംഭവത്തിൽ രാംനാരായണന്റെ കുടുംബവുമായി റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് ചർച്ച നടത്തും. കുടുംബാംഗങ്ങളോടും ആക്ഷൻ കൗൺസിൽ പ്രതിനിധികളോടുമായിരിക്കും ചർച്ച. മന്ത്രി നേരിട്ട് ഇടപെടാമെന്ന ഉറപ്പിനെ തുടർന്നാണ് മോർച്ചറിക്ക് മുന്നിൽ നടന്നിരുന്ന പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാൽ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിനാൽ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയ്യാറായിട്ടില്ല.

അതേസമയം, സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ തേടി ഛത്തീസ്ഗഢ് സർക്കാരും രംഗത്തെത്തി. കൊല്ലപ്പെട്ടത് ദലിത് കുടുംബാംഗമാണെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സക്തി ജില്ലാകലക്ടർ പാലക്കാട് ജില്ലാകലക്ടറെ സമീപിച്ചിട്ടുണ്ട്.

31 കാരനായ രാംനാരായൺ ഭയ്യ കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശത്ത് വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയതോടെയാണ് ദുരന്തം. കള്ളനെന്നാരോപിച്ച് ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ച് പ്രതികൾ ക്രൂരമായി മർദിച്ചതായാണ് വിവരം. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന രാംനാരായണനെ ആദ്യം പ്രദേശത്തെ തൊഴിലുറപ്പ് വനിതകൾ കാണുകയും തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളായ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം ഇയാളെ തടഞ്ഞുവച്ച് വിചാരണ ചെയ്ത ശേഷം മർദിച്ചതായാണ് ആരോപണം.

ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാംനാരായൺ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.