ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ക്വാറന്റീനില്‍ ഇളവ് ലഭിക്കും. കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന്‍ ഇളവ് ലഭിക്കുക. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറ് മാസം വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഇതിനായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഖത്തറിലെത്തുമ്പോള്‍ കൈവശം കരുതണം. ഏപ്രില്‍ 25 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

നിലവില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ആസ്ട്രാസെനിക എന്നിവയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറ് മാസത്തിനിടെ വിദേശത്ത് പോയി തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ ഇളവുണ്ട്. ഇന്ത്യയില്‍ നിന്ന് നിലവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇതിലാണ് ഇളവ് ലഭിക്കുക.