കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്‌തേക്കും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ജയറാമിന് നേരത്തെ സമന്‍സ് നല്‍കിയിരുന്നു.
ശബരിമലയിലെ സ്വര്‍ണ്ണമുപയോഗിച്ച് പ്രതികള്‍ കള്ളപ്പണ ഇടപാടുകളോ മറ്റ് സാമ്പത്തിക നേട്ടങ്ങളോ ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിച്ചു വരുന്നത്. സ്വര്‍ണ്ണക്കട്ടിള നിര്‍മ്മാണ വേളയില്‍ പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജകള്‍ നടത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ജയറാം നേരത്തെ സമ്മതിച്ചിരുന്നു.
പോറ്റിയെ ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണുള്ളതെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് താരം നേരത്തെ എസ്‌ഐടിക്ക് നല്‍കിയ മൊഴി. വിശ്വാസി എന്ന നിലയില്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും ജയറാം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഇഡി ഒരു സാക്ഷി എന്ന നിലയിലാകും ജയറാമിന്റെ മൊഴിയെടുക്കുക. കേസില്‍ ജയറാമിനെ സാക്ഷിയാക്കാന്‍ എസ്ഐടി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണം നിര്‍ണ്ണായകമാകും.