kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒയും കര്‍ണാടകയിലെ ജ്വല്ലറി ഉടമയും അറസ്റ്റില്‍

By webdesk17

December 19, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും എസ്ഐടി അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.

സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു.

മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പിന്നാലെയാണ് അറസ്റ്റ്. അന്വേഷണത്തില്‍ എസ്‌ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.