kerala

ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

By sreenitha

January 05, 2026

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നിർണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നതാണ് സൂചന. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുക.

വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ അന്വേഷണ പുരോഗതിയും സംഘം കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന എൻ. വിജയകുമാറിനെയും കെ.പി. ശങ്കരദാസിനെയും പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് എസ്ഐടി അന്വേഷണം ഊർജിതമാക്കിയത്.

ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമിച്ചവരാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും. കൂടുതൽ മൊഴികളും വെളിപ്പെടുത്തലുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇരുവരെയും ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ‘സ്മാർട്ട് ക്രീയേഷൻസ്’ സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും സംഘം ശേഖരിച്ചു. സ്വർണം വേർതിരിച്ചതിന് ശേഷം വിഹിതം നൽകിയതിനു ശേഷമുള്ള ബാക്കി സ്വർണം ജ്വല്ലറി ഉടമ കൂടിയായ ബെല്ലാരി ഗോവർധനിലേക്കാണ് എത്തിയതെന്നതും കണ്ടെത്തിയിട്ടുണ്ട്.