News

രണ്ടാം ദിവസം റിലീസിനെ മറികടന്ന് ‘സര്‍വ്വം മായ’

By webdesk17

December 27, 2025

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നിവിന്‍ പോളി വീണ്ടും ബോക്‌സ് ഓഫീസില്‍ ശക്തമായി സാന്നിധ്യം അറിയിക്കുന്നു. അടുത്തകാലത്ത് മികച്ച വാണിജ്യ വിജയം കൈവരിക്കാന്‍ കഴിയാതിരുന്ന നിവിന്‍ പോളി, അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’യിലൂടെ തന്റെ സ്വാഭാവിക അഭിനയ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

റിലീസിനേക്കാള്‍ രണ്ടാം ദിവസത്തെ കളക്ഷന്‍ വര്‍ധിച്ചതാണ് ചിത്രത്തിന്റെ പ്രധാന നേട്ടം. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 8.6 കോടി രൂപ ഗ്രോസ് നേടി. വിദേശ വിപണിയില്‍ നിന്ന് 4.05 കോടി രൂപയും സ്വന്തമാക്കിയതോടെ ആഗോള കളക്ഷന്‍ 12.65 കോടി രൂപയിലെത്തി. ഇന്ത്യയില്‍ ഓപ്പണിംഗ് ദിനത്തില്‍ 3.35 കോടി രൂപ നെറ്റ് നേടിയപ്പോള്‍, രണ്ടാം ദിവസം 3.85 കോടി രൂപ നെറ്റ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

‘പാച്ചുവും അത്ഭുതവിളക്കും’ ഒരുക്കിയ അഖില്‍ സത്യന്‍ ഈ ചിത്രത്തിലൂടെ നിവിന്‍ പോളിയെ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നര്‍മ്മത്തിന് പ്രാധാന്യമുള്ള പഴയ രൂപത്തില്‍ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ ജനപ്രിയ കൂട്ടുകെട്ടായ നിവിന്‍ പോളി-അജു വര്‍ഗീസ് ജോഡി ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’ക്കുണ്ട്. ഈ ഘടകങ്ങളാണ് ചിത്രത്തിന് മികച്ച വാക്ക് ഓഫ് മൗത്ത് ലഭിക്കാന്‍ കാരണമായത്.

നിവിന്‍ പോളിക്കും അജു വര്‍ഗീസിനും പുറമെ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫയര്‍ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി ശരണ്‍ വേലായുധനാണ്. എഡിറ്റിംഗ് അഖില്‍ സത്യനും രതിന്‍ രാധാകൃഷ്ണനും കൈകാര്യം ചെയ്യുന്നു. ബോക്‌സ് ഓഫീസ് കണക്കുകളും പ്രേക്ഷക പ്രതികരണങ്ങളും ചേര്‍ന്നുനോക്കുമ്പോള്‍, ‘സര്‍വ്വം മായ’ നിവിന്‍ പോളിയുടെ കരിയറിലെ ശ്രദ്ധേയമായ തിരിച്ചുവരവായി മാറുകയാണ്.