News
ജലക്ഷാമം രൂക്ഷം; പാടശേഖരങ്ങളില്‍ വെള്ളം ലഭിക്കുന്നില്ല, തൃശൂരില്‍ നെല്‍കര്‍ഷകര്‍ ആശങ്കയില്‍
തൃശൂരിലെ പ്രധാന പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തടയണ നിര്‍മാണത്തിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പ് തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം.
തൃശൂര്‍: പാടശേഖരങ്ങളിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാതായതോടെ ജില്ലയിലെ നെല്‍കര്‍ഷകര്‍ ഗുരുതര പ്രതിസന്ധിയില്‍. അരിമ്പൂര്‍, കൊടയാട്ടി, അന്തിക്കാട് മേഖലകളിലെ പാടശേഖരങ്ങളിലാണ് ജലക്ഷാമം രൂക്ഷമായത്. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നെല്ചെടികള് കരിഞ്ഞ് ഉണങ്ങുന്ന നിലയിലേക്കെത്തിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
തൃശൂരിലെ പ്രധാന പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തടയണ നിര്‍മാണത്തിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പ് തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതോടെ രണ്ടാഴ്ചയോളം പാടശേഖരങ്ങളിലേക്ക് വെള്ളം ലഭിക്കാതെ കൃഷി നാശത്തിന്റെ വക്കിലെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് കൃഷി വകുപ്പ് ഇടപെട്ടെങ്കിലും പ്രശ്നത്തിന് പൂര്‍ണപരിഹാരം ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതിഷേധത്തിന് പിന്നാലെ ഭാഗികമായി വെള്ളം ലഭിച്ചെങ്കിലും അത് മതിയായതല്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. അരിമ്പൂര്‍ പഞ്ചായത്തിലെ വിളക്കുമാടം തോട്ടുപുര, കൊടയാട്ടി, അന്തിക്കാട് എന്നിവിടങ്ങളിലായി 2400 ഏക്കറിലധികം സ്ഥലത്താണ് നെല്‍കൃഷി നടക്കുന്നത്. ഏകദേശം 80 ദിവസം പ്രായമായ നെല്ചെടികള്ക്ക് വിളവെടുപ്പിന് ഇനിയും സമയം ആവശ്യമായതിനാല്‍ വെള്ളം ലഭിക്കാത്തത് വലിയ നഷ്ടത്തിലേക്കാണ് നയിക്കുന്നത്.
ഇതിനിടെ പാടശേഖരങ്ങളിലെ വെള്ളം താറാവ് കര്‍ഷകര്‍ കൂടുതലായി ഉപയോഗിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതായി നെല്‍കര്‍ഷകര്‍ ആരോപിക്കുന്നു. നെല്‍കൃഷിക്ക് തടസ്സമാകുന്ന രീതിയില്‍ വെള്ളം ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി.
മേഖലയില്‍ നെല്‍കൃഷിയോടൊപ്പം താറാവ് കൃഷിയും വ്യാപകമായതിനാല്‍ എല്ലാവര്ക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന വേനല്‍ക്കാലം മുന്നില്‍ക്കണ്ട് സ്ഥിരപരിഹാരം ഉണ്ടാക്കണമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി.
News
ആറ്റുകാല്‍ പൊങ്കാല; ഭക്തര്‍ക്കായി ബസ് ക്രമീകരണവുമായി കെഎസ്ആര്‍ടിസി
അധിക സര്‍വീസുകളുടെ റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും.
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച് മാര്‍ച്ച് 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. പതിവുപോലെ നിവേദ്യത്തിനു ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസുകള്‍ മുന്‍കൂട്ടി ലൈന്‍ അപ്പ് ചെയ്ത് പാര്‍ക്ക് ചെയ്യുന്നതിന് തീരുമാനമായി. അധിക സര്‍വീസുകളുടെ റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും.
പൊങ്കാല നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് മുതല്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതിനുള്ള സൗകര്യം ഒരുക്കും. വികാസ് ഭവന്, ഗവ. ലോ കോളേജ്, ബാര്‍ട്ടണ്‍ഹില്‍ സ്കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാലയ്ക്ക് ശേഷം ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് നടത്തും. വികാസ് ഭവന്, ഫോര്‍ട്ട് സ്കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റേഷന് മാസ്റ്റര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.
നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ കരമന പി.ആര്.എസ് ആശുപത്രി കിള്ളിപ്പാലം വഴി റൗണ്ട് കറങ്ങി പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിനായി പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും. നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 15 ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ ലൈന്‍ അപ്പ് ചെയ്ത് സര്‍വീസ് നടത്തും. മരുതൂര്‍ക്കടവിലും സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് ഉണ്ടായിരിക്കും.
മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. വിഴിഞ്ഞം, തിരുവല്ലം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബൈപ്പാസ് പരുത്തിക്കുഴി വഴി സര്‍വീസ് റോഡ് കടന്ന് ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്കൂളിന് സമീപം ലൈന്‍ അപ്പ് ചെയ്ത് അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് വണ്‍വേയായി സര്‍വീസ് നടത്തും. കമലേശ്വരം സ്കൂളിലും സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന് മുതല്‍ പനവിള ജംഗ്ഷന് വരെ ലൈന്‍ അപ്പ് ചെയ്യും. തിരക്ക് അനുസരിച്ച് പനവിളയില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ എത്തിച്ച് സര്‍വീസ് നടത്തും. മോഡല്‍ സ്കൂള്‍ ജംഗ്ഷന്, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
സ്റ്റാച്യുവില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്.എം.വി സ്കൂള്‍ വരെ പാര്‍ക്ക് ചെയ്ത് പിന്നീട് യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തും. ഭക്തരെ തിരികെ കൊണ്ടുപോകുന്നതിനായി നിശ്ചയിച്ച ഏഴ് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഉത്സവം ആരംഭിക്കുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവം അവസാനിക്കുന്നതുവരെ ക്ഷേത്ര പരിസരത്ത് കെഎസ്ആര്‍ടിസിക്കായി പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ, ക്ഷേത്രനടയില്‍ പ്രത്യേക സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് ഉത്സവകാലയളവില്‍ പ്രവര്‍ത്തിക്കും.
News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മുന്‍ എസ്.ഐ. ഫിലിപ്പ് മമ്പാടിനെ റിമാന്‍ഡ് ചെയ്തു
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെ കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലൂടെ ചേവായൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്കി.
നിലമ്പൂര്‍/കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ എസ്.ഐ.യും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ മമ്പാട് കാരച്ചാല്‍ സ്വദേശി പ്ലാമൂട്ടില്‍ ഫിലിപ്പ് (49), അഥവാ ഫിലിപ്പ് മമ്പാട്, അറസ്റ്റിലായി. നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പോലീസാണ് നടപടി സ്വീകരിച്ചത്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെ കുട്ടി നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലൂടെ ചേവായൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്കി. പെരിന്തല്‍മണ്ണയില്‍ എസ്.ഐ. ആയി സേവനമനുഷ്ഠിച്ചിരുന്ന ഫിലിപ്പ്, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിനായി ഏകദേശം ഒരു വര്‍ഷം മുന്‍പ് സ്വമേധയാ വിരമിച്ചിരുന്നു.
കൗണ്‍സിലിംഗ് നല്‍കുന്നതിനായി രക്ഷിതാക്കള്‍ കുട്ടിയെ മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്ന് അവിടെ താമസിച്ചുവരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ കുട്ടിയെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട്ടുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസിലെ ആരോപണം.
പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍, കാരച്ചാലിലെ വീട്ടില്‍ നിന്ന് ഇരുവരും ഒന്നിച്ച് പോയതായി ഫിലിപ്പ് സമ്മതിച്ചതായി പറയുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് മുന്നോട്ടുപോയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഫിലിപ്പ് പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായ ഫിലിപ്പ് മമ്പാടിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News
നാലുപേര്‍ക്ക് പുതുജീവന്‍ നല്കി പത്തുമാസം പ്രായമുള്ള ആലിന് ഷെറിന്; മൂന്നര മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്
വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ കുടുംബം അവയവദാനം നടത്താന്‍ സമ്മതിച്ചത്.
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ പത്തുമാസം മാത്രം പ്രായമുള്ള ആലിന് ഷെറിന്, മരണാനന്തര ദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവിതം നല്കി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ കുടുംബം അവയവദാനം നടത്താന്‍ സമ്മതിച്ചത്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് 7.13-ന് ആംബുലന്‍സ് പുറപ്പെട്ടു. കോട്ടയം വഴി എം.സി റോഡിലൂടെ പൊലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയതും ജനങ്ങള്‍ വഴിയൊരുക്കി സഹകരിച്ചതുമൂലം അവയവങ്ങള്‍ വെറും മൂന്നര മണിക്കൂറിനുള്ളില്‍ തിരുവനന്തപുരംയിലെത്തി. സാധാരണയായി 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ അഞ്ചര മണിക്കൂര്‍ എടുക്കുമ്പോള്‍, ഈ യാത്ര 3 മണിക്കൂര്‍ 27 മിനിറ്റിലാണ് പൂര്‍ത്തിയായത്.
ആലിന് ഷെറിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിന് നല്കി. സംസ്ഥാനത്ത് കരള്‍മാറ്റിവെച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗിയാകുന്നത് ഈ കുഞ്ഞായിരിക്കും. ഇരുവൃക്കകളും വലുപ്പം കുറവായതിനാല്‍ ഒരാളിന് തന്നെ നല്‍കുകയും, അത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പത്തുവയസുകാരനില്‍ വിജയകരമായി മാറ്റിവെക്കുകയും ചെയ്തു.
കൂടാതെ ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ക്കും നേത്രപടലങ്ങള്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലെ നേത്രബാങ്കിനും കൈമാറി.
ആംബുലന്‍സ് ഡ്രൈവറായ മാള സ്വദേശി ജയ്നീഷ്, പൊലീസിന്റെയും ജനങ്ങളുടെയും സമയോചിതമായ സഹായം കൊണ്ടാണ് ഇത്ര വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതെന്ന് പറഞ്ഞു. യാത്രയില്‍ തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലിന് ഷെറിന്റെ സംസ്കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും. കുഞ്ഞിന്റെ മരണാനന്തര ദാനം, നാലുപേര്‍ക്ക് പുതിയ ജീവിതം നല്കിയ ദൗത്യമായി മാറി.
-
kerala2 days agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala2 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
More2 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india2 days ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india2 days agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
kerala2 days agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india2 days agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News2 days agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
