പമ്പ: ദര്‍ശനം നടത്താതെ പിന്‍മാറില്ലെന്ന് ശബരിമലയിലെത്തിയ യുവതികളായ ബിന്ദുവും കനകദുര്‍ഗ്ഗയും. ശക്തമായ പ്രതിഷേധത്തിലും പൊലീസ് ഇവരെക്കൊണ്ട് സന്നിധാനത്തേക്ക് നീങ്ങുകയാണ്. ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.

പൊലീസിന്റെ സംരക്ഷണം വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഭക്തജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നത് മുന്‍കൂട്ടി കണ്ട് സംരക്ഷണം നല്‍കുകയായിരുന്നു. അവര്‍ തിരിച്ച് പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. യുവതികളുടെ ജീവന്‍ രക്ഷിക്കാനുള്ള ചുമതല പൊലീസിനുണ്ട്.

ഭക്തജനങ്ങള്‍ പ്രകോപിതരാണ്. അതുകൊണ്ട് അങ്ങോട്ടേയ്ക്കുള്ള യാത്ര നല്ലതല്ലെന്ന് പൊലീസ് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിഷേധം ശക്തമായാലും മടങ്ങില്ലെന്ന നിലപാടിലാണ് യുവതികള്‍. പ്രതിഷേധം ശക്തമായതോടെ സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയാണ് പൊലീസ്. കനത്ത സുരക്ഷയില്‍ യുവതികള്‍ സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്.

അതേസമയം, പന്തളം കുടുംബം നിലപാടിലുറച്ച് നില്‍ക്കുകയാണ്. ആചാരലംഘനമുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് തന്ത്രിക്ക് അറിയാം. അത് ചെയ്‌തോളുമെന്നാണ് രാജകുടുംബത്തിന്റെ പ്രതികരണം. നേരത്തെ, ആചാരലംഘനം നടന്നാല്‍ നടയടക്കാനാണ് തന്ത്രിക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം.