X

പഞ്ചനക്ഷത്ര ഹോട്ടലില്‍ തനിക്കായി അനില്‍ നമ്പ്യാര്‍ അത്താഴവും മദ്യസല്‍ക്കാരവും ഒരുക്കി; നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക മൊഴിയുമായി പ്രതി സ്വപ്‌ന സുരേഷ്. ബി.ജെ.പിക്ക് കോണ്‍സുലേറ്റിന്റെ പിന്തുണ ലഭിക്കാന്‍ ജനം ടിവി കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു എന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. കേസ് വഴി തിരിച്ചുവിടാന്‍ അനില്‍ നമ്പ്യാര്‍ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന മൊഴിയും കസ്റ്റംസിന് ലഭിച്ചു.

സ്വര്‍ണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സുല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താക്കുറിപ്പിറക്കാന്‍ സ്വപ്‌നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചു എന്നാണ് മൊഴി. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നല്‍കി. സ്വപ്‌നയുടെ ഈ മൊഴിയില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അനില്‍ നമ്പ്യാര്‍ക്ക് ആയിട്ടില്ലെന്നാണ് സൂചന.

അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ട്. അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായ സമയത്താണ് അനിലുമായി പരിചയപ്പെടുന്നത്. അറ്റ്ലസ് രാമചന്ദ്രനുമായി ഇന്റര്‍വ്യൂ നടത്തുന്നതിനായി അനില്‍ നമ്പ്യാര്‍ക്ക് യുഎഇയിലേക്ക് പോകേണ്ടതുമുണ്ടായിരുന്നു. എന്നാല്‍ ദുബായില്‍ ഒരു വഞ്ചനാ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് സാധിക്കുമായിരുന്നില്ല.

പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യത്തിനായി രണ്ട് വര്‍ഷം മമ്പ് അനില്‍ നമ്പ്യാര്‍ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താന്‍ വഴി കോണ്‍സുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു. കോണ്‍സുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനില്‍ നമ്പ്യാര്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ല്‍ താജ് ഹോട്ടലില്‍ വെച്ച് അനില്‍ നമ്പ്യാര്‍ തനിക്ക് അത്താഴവിരുന്ന് നല്‍കിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു.

ഇന്ത്യയിലെ യുഎഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അനില്‍ നമ്പ്യാര്‍ ആരാഞ്ഞു. ബിജെപിക്ക് വേണ്ടി കോണ്‍സുലേറ്റിന്റെ പിന്തുണ ലഭിക്കാന്‍ സഹായം ആവശ്യപ്പെടുകയും ചെയ്തു. അനിലിന്റെ സുഹൃത്തിന്റെ സ്ഥാപനമായ നവീന്‍ ടൈല്‍സിന്റെ ഉദ്ഘാടനത്തിനായി കോണ്‍സുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞിരുന്നു. അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

നവീന്‍ ടൈല്‍സിന്റെ ഉദ്ഘാടന വേളയില്‍ വീണ്ടും കണ്ടു. കോണ്‍സുലേറ്റ് ജനറലിന് എന്ത് സമ്മാനമാണ് നല്‍കേണ്ടതെന്ന് അനില്‍ നമ്പ്യാര്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഉദ്ഘാടന ചടങ്ങില്‍ വെച്ച് ആപ്പിളിന്റെ മാക് ബുക്ക് സമ്മാനമായി നല്‍കി. ഇതിന് ശേഷം ഇടയ്ക്കൊക്കെ അനില്‍ നമ്പ്യാര്‍ സൗഹൃദം പുതുക്കുന്നതിന് വേണ്ടി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.

 

 

Test User: