Connect with us

News

തിരുവല്ല സ്പാ പീഡനം; അറസ്റ്റിലായ ‘മരണം സുബിന്‍’ 11 കാപ്പാ കേസുകളിലെ പ്രതി, വീണ്ടും കാപ്പാ ചുമത്തും

കുറ്റപ്പുഴ പാപ്പനവേലില്‍ സ്വദേശിയായ സുബിനൊപ്പം ബെര്‍ലിന്‍ദാസ് (38) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

on

പത്തനംതിട്ട: തിരുവല്ലയിലെ ഒരു സ്പായില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ‘മരണം സുബിന്‍’ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടറിന് (29) വീണ്ടും കാപ്പാ നിയമം ചുമത്താന്‍ നടപടി ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. സുബിന്‍ ഇതിനകം 11 കാപ്പാ കേസുകളില്‍ പ്രതിയാണെന്നും, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റപ്പുഴ പാപ്പനവേലില്‍ സ്വദേശിയായ സുബിനൊപ്പം ബെര്‍ലിന്‍ദാസ് (38) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായതിനാല്‍ ജില്ലാ കളക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്.പി. വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ആറംഗ സംഘം സ്പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ വനിതാ ജീവനക്കാരിലൊരാളെയാണ് പീഡിപ്പിച്ചതെന്ന പരാതിയിലാണ് കേസ്. ജീവനക്കാരികളുടെ മൊഴി രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

പീഡനത്തിനിരയായ ജീവനക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും ഡിവൈ.എസ്.പി. അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ഇരയ്ക്ക് നേരിട്ട അനുഭവങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങളും വിശദമായി പരിശോധിക്കും. ഇതോടൊപ്പം ജില്ലയിലെ മറ്റ് സ്പാകളുടെ പ്രവര്‍ത്തനങ്ങളും പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സ്പാകളില്‍ നിന്ന് ചില പോലീസുകാര്‍ മാസപ്പടി വാങ്ങുന്നുവെന്ന ആരോപണം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മുമ്പ് തിരുവല്ല സ്റ്റേഷനിലെ ഒരു എ.എസ്.ഐ.യെ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പ്രത്യേക പരാതി നല്‍കുമെന്ന് ആദ്യം അറിയിച്ചിരുന്ന സ്പാ ഉടമ പിന്നീട് പോലീസില്‍ മൊഴി മാത്രം നല്‍കി മടങ്ങി. തൃശ്ശൂര്‍ സ്വദേശിയായ ഉടമ, പണം ആവശ്യപ്പെട്ടതും ജീവനക്കാരിയെ പീഡിപ്പിച്ചതും തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ 11 മണിയോടെ സ്റ്റേഷനിലെത്തിയ ഉടമ പരാതി നല്‍കിയില്ലെന്ന് ഡിവൈ.എസ്.പി. ടി.ആര്‍. ജിജു അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകട കേസ്; അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയില്ല

മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

By

നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകട കേസില്‍ മ്യൂസിയം പൊലീസ് ഭാഗത്ത് നിന്നും വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവം നടന്ന രാത്രി തന്നെ മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ച് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നുവെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മണിയന്‍പിള്ള രാജുവിന്റെ ഭാഗത്ത് നിന്ന് പൊലീസിനെ ബന്ധപ്പെടാനുള്ള ശ്രമം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോള്‍ റെക്കോര്‍ഡുകളും മണിയന്‍പിള്ള രാജുവിന്റെ മൊഴിയും വിശദമായി പരിശോധിക്കാനാണ് അന്വേഷണ ചുമതലയുള്ള ഡി.സി.പി തീരുമാനിച്ചിരിക്കുന്നത്. മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നോയെന്ന് കണ്ടെത്തുന്നതിനായുള്ള രാസ പരിശോധനയുടെ ഫലം നാളെ രാവിലെയോടെ ലഭിക്കുമെന്നാണ് വിവരം.

അതേസമയം, ഇന്നലെ മോട്ടോര്‍ വാഹന വകുപ്പിലെ (MVD) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അപകടത്തില്‍പ്പെട്ട വോള്‍വോ കാറിന് സാങ്കേതിക തകരാറുകളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ അടുത്ത ദിവസം തന്നെ വാഹനത്തെ മണിയന്‍പിള്ള രാജുവിന് കൈമാറും.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്ത് വരുന്നതിനിടെ മണിയന്‍പിള്ള രാജു ഓടിച്ച വോള്‍വോ കാറില്‍ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ക്ക് പരുക്കേറ്റു. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മണിയന്‍പിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

 

 

Continue Reading

News

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്ര നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി; അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് സൂചന.

Published

on

By

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പ്രത്യേക അന്വേഷണ സംഘം (SIT) ആരംഭിച്ചു. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നതടക്കമുള്ള മൂന്ന് പ്രധാന കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ അന്വേഷണസംഘം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. വിശ്വാസവഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കാന്‍ ആവശ്യമായ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്.

അവസാനവട്ട അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതിനായി ചെന്നൈയിലും കര്‍ണാടകയിലെ ബെല്ലാരിയിലും വീണ്ടും അന്വേഷണം നടത്താന്‍ എസ്.ഐ.ടി ആലോചിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണസംഘം.

അതേസമയം, ശബരിമലയിലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ വിഷയത്തില്‍ കോടതി തീരുമാനത്തിനായി എസ്.ഐ.ടി കാത്തിരിക്കുകയാണ്. കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. കോടതി അനുമതി നല്‍കിയാല്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.

ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) നടപടികള്‍ കടുപ്പിച്ചിട്ടുണ്ട്. ആടിയ ശിഷ്ടം നെയ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേട് വിവരങ്ങള്‍ ഇഡി ശേഖരിച്ചു. മുന്‍ കീഴ്ശാന്തി സുനില്‍കുമാര്‍ പോറ്റിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍ ശക്തമായത്.

സ്വര്‍ണ്ണകൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത ആഴ്ച ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് സൂചന.

 

Continue Reading

News

റീല്‍ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം; യുവതി അബദ്ധത്തില്‍ തൂങ്ങിമരിച്ചു

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Published

on

By

ലക്‌നോ: സോഷ്യല്‍ മീഡിയ റീല്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശിലെ ജില്ലയില്‍ 27 വയസുള്ള യുവതിയ്ക്ക് ദാരുണാന്ത്യം. വീടിനുള്ളില്‍ റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി അബദ്ധത്തില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മോഹിനി എന്ന യുവതി തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ റീലിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ സമതുലിതാവസ്ഥ തെറ്റുകയും കുരുക്ക് മുറുകുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മോഹിനിയുടെ നാലു വയസ്സുള്ള മകള്‍ മുറിയിലേക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയെ തൂങ്ങിയ നിലയില്‍ കണ്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇത് വീഡിയോ ചിത്രീകരണത്തിനിടെ സംഭവിച്ച ദുരന്തകരമായ അപകടമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.

Continue Reading

Trending