തിരുവനന്തപുരം: വിജിലന്‍സില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. വിജിലന്‍സില്‍ സ്തംഭനാവസ്ഥയാണ്, ഉദ്യോഗസ്ഥ പോരിനിടെ വിജിലന്‍സ് തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല, കുറ്റക്കാരെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശ്രമിക്കുന്നതായും വി.എസ് കത്തിലൂടെ വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. ഇത് അഴിമതി കേസുകള്‍ കോടതിയിലെത്തുമ്പോള്‍ തിരിച്ചടിയാകുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു. തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ ജേക്കബ് തോമസുമായി ബന്ധപ്പെട്ടുയര്‍ന്ന ക്രമക്കേടിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി അദ്ദേഹത്തെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാതലത്തിലാണ് വി.എസിന്റെ കൂടി ഇടപെടല്‍.