News

ആരാധന അതിരുവിട്ടപ്പോള്‍; ഹൈദരാബാദില്‍ സാമന്തയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

By webdesk17

December 22, 2025

ഹൈദരാബാദ്: താരാരാധന അതിരുവിടുമ്പോള്‍ എത്രമാത്രം അപകടകരമാകുമെന്നതിന്റെ പുതിയ ഉദാഹരണമായി നടി സാമന്തയ്ക്ക് നേരെയുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നടന്ന ഒരു പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് സാമന്തയെ ഒരുകൂട്ടം ആരാധകര്‍ വളഞ്ഞത്.

ഇവന്റ് കഴിഞ്ഞ് പുറത്തേക്ക് എത്തിയ സാമന്തയ്ക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥരും ബൗണ്‍സര്‍മാരും ഉണ്ടായിരുന്നെങ്കിലും സുരക്ഷാ വലയത്തെ തള്ളിമറിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം നടിയിലേക്കെത്തിയത്. അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച നിരവധി പേര്‍ നടിയെ ചുറ്റിപ്പറ്റിയതോടെ തിരക്കിനിടയില്‍ സാമന്തയ്ക്ക് വീഴാനായതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഒടുവില്‍ ബൗണ്‍സര്‍മാര്‍ ഇടപെട്ട് സാമന്തയെ സുരക്ഷിതമായി കാറില്‍ കയറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ‘ ഇത് ആരാധനയല്ല, ഭ്രാന്താണ്’, ‘വളരെ മോശം സുരക്ഷ’, ‘ആള്‍ക്കൂട്ടം ഭയപ്പെടുത്തുന്നതാണ്’, ‘ഇവരെ ആരാധകരെന്ന് വിളിക്കാനാകില്ല’, ‘പീഡനത്തിന് കേസെടുക്കണം’ തുടങ്ങിയ കടുത്ത പ്രതികരണങ്ങളാണ് കമന്റുകളിലൂടെ ഉയരുന്നത്.

അടുത്തിടെ ഹൈദരാബാദില്‍ നടി നിധി അഗര്‍വാളിനും സമാനമായ ദുരനുഭവം നേരിട്ടിരുന്നു. അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിക്കുകയും സെല്‍ഫികള്‍ക്കായി നടിയെ വളയുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. താരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് സാമന്തയ്ക്ക് നേരെയുണ്ടായ ഈ സംഭവം. ആരാധനയുടെ പേരില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.