News

കുവൈത്തില്‍ 15 സ്വകാര്യ ഫാര്‍മസികള്‍ അടച്ചുപൂട്ടി; ലൈസന്‍സുകള്‍ റദ്ദാക്കി

By webdesk17

December 27, 2025

കുവൈത്ത് സിറ്റി: ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തിലെ 15 സ്വകാര്യ ഫാര്‍മസികള്‍ ഉടന്‍ അടച്ചുപൂട്ടാനും അവയുടെ ലൈസന്‍സുകള്‍ റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍അവാധി ഉത്തരവിട്ടു.

ആരോഗ്യ മന്ത്രാലയം നടത്തിയ കര്‍ശന പരിശോധനകളില്‍ 1996ലെ 28-ാം നമ്പര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മരുന്നുകള്‍ വിതരണം ചെയ്യുന്നതിലെ അപാകതകള്‍, ഔദ്യോഗിക ചട്ടങ്ങള്‍ പാലിക്കാതെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്തത്, ഭരണപരമായ വീഴ്ചകള്‍ തുടങ്ങിയവ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം നിയമലംഘനങ്ങള്‍ രോഗികളുടെ ആരോഗ്യത്തിനും ഔഷധസുരക്ഷയ്ക്കും ഉപഭോക്തൃ അവകാശങ്ങള്‍ക്കും ഭീഷണിയാണെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ ഗുണനിലവാരവും പ്രൊഫഷണല്‍ നിലവാരവും ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.