kerala

‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്‍

By webdesk14

January 11, 2026

കൊച്ചി: ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചപ്പോള്‍ പുറത്താക്കി. ഇന്ത്യയിലെ ഏത് പാര്‍ട്ടിയാണ് ഇത്തരം ഒരു നടപടി എടുത്തിട്ടുള്ളത്. മന്ത്രി പി രാജീവിന് മറുപടിയില്ല, സ്വന്തം പാര്‍ട്ടിയിലെ ഇത്തരം ആരോപണങ്ങള്‍ അദ്ദേഹം പരിശോധിക്കട്ടെ എന്നും സതീശന്‍ പറഞ്ഞു.

ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അംഗമല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെടുക. വിഷയത്തില്‍ തന്റെ നിലപാട് എന്താണ് എന്ന് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. ചെയ്യാനുള്ളതെല്ലാം പാര്‍ട്ടി ചെയ്തുതകഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി തലത്തില്‍ ഉണ്ടായ എല്ലാ നടപടികളും നേതൃത്വം കൂട്ടായെടുത്തതാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ നടപടികളില്‍ മറ്റ് പ്രതികരണങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.