Connect with us

News

വാഹന പരിശോധനക്കിടെ അപകടം: പരുക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചുവെന്ന് പരാതി

ഫോര്‍ട്ട് കൊച്ചിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമാണ് അപകടമുണ്ടായത്.

Published

on

എറണാകുളം: വാഹനപരിശോധനക്കിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയില്‍ ഉപേക്ഷിച്ചുവെന്ന പരാതിയുമായി ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ രംഗത്തെത്തി. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമാണ് അപകടമുണ്ടായത്. ചെല്ലാനം ഹാര്‍ബറിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. പൊലീസ് ബൈക്കിന് കൈ കാണിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് യുവാക്കളുടെ പരാതി.

വാഹനം നിര്‍ത്താന്‍ ഒരുങ്ങുന്നതിനിടെ പൊലീസ് കടന്നുപിടിച്ചതോടെ ബൈക്ക് മറിഞ്ഞുവീണുവെന്നാണ് യുവാക്കള്‍ പറയുന്നത്. അപകടത്തില്‍ അനിലിന്റെ മൂക്കിന്റെ പാലം തകരുകയും മുഖത്ത് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണമാലി പോലീസ് സ്‌റ്റേഷനിലെ സിപിഒ സാബുമോനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. എന്നാല്‍ പരുക്കേറ്റ അനിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് യുവാക്കളുടെ ആരോപണം.

അതേസമയം, ആരോപണങ്ങള്‍ കണ്ണമാലി പൊലീസ് നിഷേധിച്ചു. വാഹനപരിശോധനക്കിടെ പൊലീസുകാര്‍ക്കിടയിലേക്ക് യുവാക്കള്‍ ബൈക്ക് ഇടിച്ചു കയറ്റിയതാണ് അപകട കാരണമെന്നാണ് പൊലീസ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാമെന്ന് അറിയിച്ചെങ്കിലും യുവാക്കളാണ് അതിന് തയ്യാറായില്ലെന്നുമാണ് പൊലീസ് വാദം.

പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ പൊലീസ് വീഴ്ച സംഭവിച്ചതായി ആരോപിച്ച് അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി.

News

ബംഗ്ലാദേശില്‍ സംഗീതവേദിയില്‍ അക്രമം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്

ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

Published

on

ധാക്ക: ബംഗ്ലാദേശിലെ ഹരിദ്പുരിലെ സ്‌കൂളില്‍ നടന്നിരിക്കേണ്ട ഗായകന്‍ ജെയിംസിന്റെ സംഗീതപരിപാടിക്ക് മുന്നേ ആള്‍ക്കൂട്ടം വേദിയിലേക്ക് കല്ലുകളും ഇഷ്ടികകളും വലിച്ചെറിഞ്ഞ് അക്രമിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ 1015 പേര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ആക്രമണത്തിന് ശേഷം പരിപാടി റദ്ദാക്കി. ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. ഗായകനും സംഘാംഗങ്ങള്‍ക്കും പരിക്കില്ല. ജെയിംസ് ബംഗ്ലാദേശിലെ പ്രശസ്ത പിന്നണിഗായകനും ഗിത്താര്‍വാദകനും ഗാനരചയിതാവുമാണ്. ഹിന്ദി സിനിമകളിലെ ചില ഗാനം പാടിയിട്ടുണ്ട്.ഇന്‍ഡ്യയില്‍നിന്നുള്ള ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

Continue Reading

News

കുവൈത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു, നാല് പേര്‍ ആശുപത്രിയില്‍

അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു.

Published

on

കുവൈത്ത് സിറ്റി:കുവൈത്തിലെ ഫര്‍വാനിയ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്.

തീപിടിത്ത വിവരം ലഭിച്ച ഉടന്‍ ഫര്‍വാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന നിലയങ്ങളില്‍ നിന്നുള്ള സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു.

അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

News

ട്രെയിന്‍ ടിക്കറ്റ് അഡ്വാന്‍സ് റിസര്‍വേഷന്‍; ആദ്യ ദിനം ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധം

ഡിസംബര്‍ 29 മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

Published

on

ചെന്നൈ: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ ദിനം ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധം. അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് (60 ദിവസം മുന്നെ ബുക്കിങ്) ആരംഭിക്കുന്ന ആദ്യ ദിനത്തില്‍ ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ജനറല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും ആദ്യ ദിനത്തിലെ ബുക്കിങ്ങിന് റെയില്‍വേ ഈ നിയമം ബാധകമാക്കുന്നത്.

പുതിയ നിയമം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ഡിസംബര്‍ 29 മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ജനുവരി 5 മുതല്‍ ഈ നിയന്ത്രണം രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെയാകും. ജനുവരി 12 മുതല്‍ ടിക്കറ്റ് അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്ന ദിവസം മുഴുവന്‍ സമയം (രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ) ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കൂ.

തിരക്കേറിയ റൂട്ടുകളിലെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഫുള്‍ ബുക്കിങ് ആവാറുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഏജന്റുമാര്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്യുകയും പിന്നീട് 2000 മുതല്‍ 4000 രൂപ വരെ അധികം വാങ്ങി യാത്രക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്. ഇതു തടയുന്നതിനാണ് റെയില്‍വേയുടെ പുതിയ നീക്കം.

അതേസമയം, റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നിലവിലുള്ള രീതി തുടരാം. അവിടെ ഏതെങ്കിലും സാധുവായ തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മതിയാകും. ആധാറിന് പുറമെ, തിരഞ്ഞെടുത്ത ചില ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓടിപി വേരിഫിക്കേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേയിലെ നവജീവന്‍ എക്‌സ്പ്രസ്, കൊറോമാണ്ടല്‍ എക്‌സ്പ്രസ്, ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

 

Continue Reading

Trending