എറണാകുളം: വാഹനപരിശോധനക്കിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയില്‍ ഉപേക്ഷിച്ചുവെന്ന പരാതിയുമായി ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ രംഗത്തെത്തി. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമാണ് അപകടമുണ്ടായത്. ചെല്ലാനം ഹാര്‍ബറിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. പൊലീസ് ബൈക്കിന് കൈ കാണിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് യുവാക്കളുടെ പരാതി.
വാഹനം നിര്‍ത്താന്‍ ഒരുങ്ങുന്നതിനിടെ പൊലീസ് കടന്നുപിടിച്ചതോടെ ബൈക്ക് മറിഞ്ഞുവീണുവെന്നാണ് യുവാക്കള്‍ പറയുന്നത്. അപകടത്തില്‍ അനിലിന്റെ മൂക്കിന്റെ പാലം തകരുകയും മുഖത്ത് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണമാലി പോലീസ് സ്‌റ്റേഷനിലെ സിപിഒ സാബുമോനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. എന്നാല്‍ പരുക്കേറ്റ അനിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് യുവാക്കളുടെ ആരോപണം.
അതേസമയം, ആരോപണങ്ങള്‍ കണ്ണമാലി പൊലീസ് നിഷേധിച്ചു. വാഹനപരിശോധനക്കിടെ പൊലീസുകാര്‍ക്കിടയിലേക്ക് യുവാക്കള്‍ ബൈക്ക് ഇടിച്ചു കയറ്റിയതാണ് അപകട കാരണമെന്നാണ് പൊലീസ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാമെന്ന് അറിയിച്ചെങ്കിലും യുവാക്കളാണ് അതിന് തയ്യാറായില്ലെന്നുമാണ് പൊലീസ് വാദം.
പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ പൊലീസ് വീഴ്ച സംഭവിച്ചതായി ആരോപിച്ച് അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി.