Connect with us

Video Stories

ഭയരഹിത ഇന്ത്യ; എല്ലാവരുടേയും ഇന്ത്യ മുസ്‌ലിംലീഗ് പ്രക്ഷോഭത്തിന്റെ പ്രസക്തി

Published

on

പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ഇന്ത്യ ആരുടേതാണ്. ഇതുവരെ സംശയ ലേശമന്യെ നാം ഉറപ്പിച്ചു ഉത്തരം പറഞ്ഞിരുന്നത് ഒറ്റവാക്കിലാണ്; എല്ലാ ഓരോ ഇന്ത്യക്കാരന്റേതുമാണ് ഇന്ത്യ. നമ്മുടെ മഹത്തായ ഭരണഘടന വിവേചനം കൂടാതെ ഓരോ പൗരനെയും സമൂഹത്തെയും അഭിസംബോധന ചെയ്തപ്പോള്‍ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നാം. മതവും ജാതിയും പണവും വര്‍ഗവും വര്‍ണ്ണവും അതിരുകളിടാതെ ഇന്ത്യ എന്ന വികാരത്തില്‍ കോര്‍ത്തിണക്കിയ പൗരന്മാര്‍ ഒന്നിച്ച് അധ്വാനിച്ചാണ് രാഷ്ട്രം കെട്ടിപ്പടുത്തത്. ഏഴു പതിറ്റാണ്ട് രാജ്യം ഭരിച്ചവരെല്ലാം നാനാത്വത്തില്‍ ഏകത്വത്തിന്റെ സൗന്ദര്യത്തെ അംഗീകരിച്ചപ്പോള്‍ ലോകത്തിന്റെ നെറുകയിലേക്ക് മെല്ലെമെല്ലെ നാം ഉയര്‍ന്നു. വൈവിധ്യങ്ങളുടെ വേരുകള്‍ ഭൂമിയിലേക്ക് പടര്‍ത്തി വടവൃക്ഷമായി ലോകത്തിന് മാതൃകയും അത്താണിയുമായി.
ആയിരത്താണ്ടായി കൊടുക്കല്‍ വാങ്ങലുകളിലൂടെ സാംസ്‌കാരിക ഉന്നതി നേടിയ സമൂഹത്തെ അനൈക്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അടിമകളാക്കിയ സാമ്രാജ്യത്വ ശക്തികള്‍ വലിയൊരു പാഠമാണ്. ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തെ ഫലപ്രദമായി പൊളിച്ചടുക്കിയാണ് നാം വീണ്ടും സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിനത്തിലേക്കും ഉണര്‍ന്നെണീറ്റത്. രണ്ടു രാജ്യങ്ങളായി പകുക്കപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കണ്ടനാളുകളിലും ഇന്ത്യയെ എല്ലാ പ്രലോഭനങ്ങളേക്കാളും ഹൃദയച്ചെപ്പില്‍ സൂക്ഷിച്ച് നെഞ്ചോട് ചേര്‍ത്തവരുടെ ഓര്‍മ്മകളുണ്ടാവണം. അധികാരവും പദവിയും സുഖസൗകര്യവും തളികയില്‍ വെച്ച്‌നീട്ടിയപ്പോഴും ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച് ജീവനേക്കാള്‍ സ്‌നേഹിച്ചവരുടെ പിന്‍ഗാമികളാണ് നാം.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന സംഘടനയിലൂടെ അചഞ്ചലമായി മുഖ്യധാരയിലേക്ക് അലിഞ്ഞു ചേര്‍ന്നാണ് നിയമ നിര്‍മ്മാണത്തിലും ഭരണ നിര്‍വഹണത്തിലും നിര്‍മ്മാണാത്മകമായി ഒരു മെയ്യായി മുന്നോട്ടുപോയത്. അധികാരത്തില്‍ നിന്ന് ദലിതനെ മാറ്റിനിര്‍ത്തിയപ്പോള്‍ ഡോ. ബി.ആര്‍ അംബേദ്കറെ ഭരണഘടനാനിര്‍മ്മാണ സഭയിലേക്ക് എത്തിച്ച് പുരോവാഹനത്തിന്റെ എല്ലാ ചക്രങ്ങളെയും സക്രിയമാക്കാന്‍ മുസ്‌ലിംലീഗ് എന്നും പരിശ്രമിച്ചു. അഭിമാനകരമായ അസ്തിത്വമെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഹരിതാഭമായി ദിശനിര്‍ണ്ണയിച്ചു. ഒരേ സമയം ജന്മംകൊണ്ട് രാജ്യം കിതച്ചപ്പോഴും ഇന്ത്യ കുതിക്കുകയായിരുന്നു. സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായി മുന്നേറിയ ഇന്ത്യ യുദ്ധ വെറിയന്മാര്‍ക്ക് അഹിംസയിലൂടെ സമാധാനത്തിന്റെ വെളിച്ചവും കാണിച്ചു.
സാമ്പത്തികമായി ലോകം തകര്‍ന്ന് മാന്ദ്യം പിടിപെട്ടപ്പോഴും ഇന്ത്യ കരുത്തോടെ നിന്നത് വേരിന്റെ ബലംകൊണ്ടുകൂടിയാണ്. ആ വേരറുത്ത് വൈകാരികത സൃഷ്ടിച്ച് അധികാരത്തിലെത്തിയവര്‍ സമ്പത്തെല്ലാം കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം വരുന്ന ജനങ്ങളും പാപ്പരായി. നോട്ടു നിരോധനവും നയ വൈകല്യവും കാരണം രാജ്യം പടുകുഴിയിലേക്ക് പോകുമ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ മതവിദ്വേഷവും വൈകാരികതയും ഇരുതല മൂര്‍ച്ചയോടെ പ്രയോഗിക്കുന്നു.
വിഷക്കാറ്റ് വിതറി കൊള്ളയടിക്കപ്പെട്ടവരിലേറെയും ഭൂരിപക്ഷ സമുദായത്തിലുള്ളവരാണ് എന്നതെങ്കിലും അത്തരം വൈകൃതങ്ങള്‍ക്ക് തലവെച്ചുകൊടുക്കുന്നവര്‍ ഓര്‍ക്കണം. സാമ്പത്തിക തിരിച്ചടിയും ഭരണപരാജയവും മറച്ചുവെക്കാനുള്ള ഉപകരണങ്ങളാണ് വര്‍ധിച്ച്‌വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും കശ്മീരികളെ തുറന്ന ജയിലിന് സമാനമായി ബന്ധികളാക്കുന്നതും മുന്‍മുഖ്യമന്ത്രിമാരെപ്പോലും കരിനിയമങ്ങള്‍ ചാര്‍ത്തി താഴിട്ടു പൂട്ടുന്നതും യു.എ.പി.എ കരിനിയമം കൂടുതല്‍ മൂര്‍ച്ച കൂട്ടി ന്യൂനപക്ഷങ്ങളോട് മുരളുന്നതും രാജ്യത്തിനായി പൊരുതിയ ധീരമേജറിനെയും മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തെയുമുള്‍പ്പെടെ പൗരത്വം നിഷേധിച്ച് അപരവല്‍ക്കരിക്കുന്നതുമെല്ലാം.
ഒരു തെരഞ്ഞെടുപ്പ്, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം, ഒരു ഏകാധിപതി എന്ന നിലയിലേക്ക് കാര്യങ്ങളെ നയിക്കുന്നവര്‍ അടിമത്വമാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരിക്കല്‍കൂടി ചോദിക്കട്ടെ, ഇന്ത്യ ആരുടേതാണ്. എല്ലാ ഇന്ത്യക്കാരന്റെയും ഇന്ത്യയില്‍ എപ്പോഴാണ് ഭയം വന്നു നിറഞ്ഞത്. ആര് ആരെയാണ് അപരവല്‍ക്കരിക്കുന്നത്. ചര്‍ച്ചകള്‍ പോലുമില്ലാതെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന പാര്‍ലമെന്റ് ഉന്നംവെക്കുന്നത് ഭരണഘടനയെ തന്നെയാകുമ്പോള്‍ നിദ്രവെടിഞ്ഞേ മതിയാവൂ. പൗരത്വത്തിന് മുസ്‌ലിംകള്‍ അല്ലാത്തവര്‍ എന്ന് അസമില്‍ മാനദണ്ഡം നിശ്ചയിച്ച് വിവേചനത്തിന്റെ നിയമം രചിക്കുന്ന ഭരണകൂടം എന്താണ് ലക്ഷ്യംവെക്കുന്നത്. ചരിത്രത്തില്‍ ക്രൂരമായി വേട്ടയാടപ്പെട്ട പിന്നാക്കത്തിന്റെ കാവടിയേന്തിയ ദലിത് ആദിവാസി വിഭാഗങ്ങളുടെ സമൂഹ്യ ഉന്നതിക്കായി സ്ഥാപിച്ച സംവരണങ്ങളെ സാമ്പത്തിക മാനദണ്ഡം റാഞ്ചുമ്പോള്‍ നോ എന്നു പറയാന്‍ പോലും അധികം പേരില്ല. സിവില്‍ കരാറായ വിവാഹത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം ക്രിമിനല്‍ നിയമം ചാര്‍ത്തുമ്പോള്‍ നിയമവാഴ്ചയുടെ വ്യാഖ്യാനം ലജ്ജിക്കാതെങ്ങിനെ.
1947വരെ ഹിന്ദു മുസ്‌ലിം സിഖ് മത ഭേദമില്ലാതെ രാജ്യത്ത ഗണ്യമായ ഭാഗം വിദ്യാഭ്യാസമുള്ള ജനങ്ങളുടെ ഭാഷ ഉറുദു ആയിരുന്നുവെന്നാണ് ‘ദി വീക്ക്’ ആഴ്ചപ്പതിപ്പില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തില്‍ പറയുന്നത്. വിഭജിച്ചു ഭരിക്കുന്ന ബ്രിട്ടീഷുകാര്‍, ഉറുദു അഥവാ ഹിന്ദുസ്ഥാനി മുസ്‌ലിംകളുടെ ഭാഷയും ഹിന്ദി ഹിന്ദുക്കളുടെ ഭാഷയുമാണെന്നു പ്രചരിപ്പിച്ചു. ഏതെങ്കിലുമൊരു ഭാഷ എന്നത് അടിച്ചേല്‍പ്പിക്കുന്നത് ഏകശിലാ സംസ്‌കാരത്തിലേക്ക് ചുരുട്ടിക്കെട്ടുന്നതിന് തുല്യമാണ്. എല്ലാ പക്ഷികളും മൃഗങ്ങളും ഒരേ ശബ്ദം പുറപ്പെടുവിക്കണമെന്നും എല്ലാ മരങ്ങളിലെയും ചെടികളിലെയും പൂക്കള്‍ ഒരേ പൂക്കള്‍ മാത്രം വിരിയിക്കണമെന്നും പറയുന്നതു പോലുള്ള കറുത്ത ഫലിതം.
ഇതൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാണ്, 1968ല്‍ ത്രീ ലാംഗ്വേജ് ഫോര്‍മുല കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള ഹിന്ദി സംസാരിക്കാത്തവരും നിലവില്‍ സ്‌കൂളുകളില്‍ ഹിന്ദി പഠിക്കുന്നത്. ഇതുപ്രകാരം എല്ലാ വിദ്യാര്‍ത്ഥികളും മൂന്നു ഭാഷകള്‍ പഠിക്കണം. ഒന്ന് ഇംഗ്ലീഷ്, രണ്ടു ഹിന്ദി, മൂന്ന് അവരവരുടെ പ്രാദേശിക ഭാഷ. പ്രാദേശികഭാഷയും ഹിന്ദിയും ഒന്നാണ് എങ്കില്‍ അവര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കണം. അതായത് തമിഴോ മലയാളമോ കന്നഡയോ ഏതെങ്കിലുമൊന്ന്. സംസ്‌കാരങ്ങളുടെ വിനിമയത്തിലൂടെ രാജ്യം കൂടുതല്‍ പുഷ്‌കലമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യംവെച്ചിരുന്നത്. ഏക ഭാഷ; ഹിന്ദി മാത്രം എന്നു പ്രഖ്യാപിക്കുന്നവര്‍ സംസ്‌കാരങ്ങളുടെ ശവപ്പറമ്പാക്കി മരുഭൂമി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, എക്‌സിക്യൂട്ടീവിനെയും ലജിസ്ലേഷനെയും മാത്രമല്ല, ജുഡീഷ്യറിയെ പോലും വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുകയാണ്. ജസ്റ്റിസ് ലോയ മുതല്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിവരെ അത് നീളുന്നു. സര്‍വീസില്‍നിന്ന് പിരിയാന്‍ 13 മാസം മാത്രം ശേഷിക്കെയാണ് പ്രശസ്തയും ഏറ്റവും സീനിയറുമായ ഒരു ന്യായാധിപയെ രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും 56 ജഡ്ജിമാരുള്ളതുമായ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മൂന്ന് ജഡ്ജിമാര്‍ മാത്രമുള്ളതും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഉള്ളതുമായ മേഘാലയിലേക്ക് സ്ഥലം മാറ്റിയത്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രതികളായ ബല്‍കീസ് ബാനു ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ശിക്ഷ വിധിച്ചതാണത്രെ അവരെ വേട്ടയാടാന്‍ കാരണമെന്നാണ് ആക്ഷേപം.
മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസറായ സഞ്ജീവ്ഭട്ടും യു.പിയില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു നല്‍കിയ ഡോ. കഫീല്‍ഖാനും നമ്മോട് പറയുന്ന വര്‍ത്തമാനങ്ങള്‍ നിസ്സാരമല്ല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭയമില്ലാത്ത എല്ലാ ഇന്ത്യക്കാരും സമാധാനത്തോടെ കഴിയുന്ന ഇന്ത്യക്കായി പൊരുതേണ്ട സമയമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കംകുറിക്കുകയാണ്. ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന മുദ്രാവാക്യത്തിലൂന്നിയ ക്യാമ്പയിന്‍ ഇന്ന് ജന്ദര്‍മന്ദിറില്‍ സമാരംഭം കുറിക്കുമ്പോള്‍ ആത്മാഭിമാത്തിന്റെ രണ്ടാം ഉണര്‍ത്തുപാട്ടായി രാജ്യത്തെ തൊട്ടുണര്‍ത്തും. ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ എല്ലാവരും അണിചേരുക.
(ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending