അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം, ബാബാ അപരാജിതിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു.
56 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ കേരളത്തിന്റെ ടോപ് സ്‌കോററായി. ബാബാ അപരാജിത് 62 പന്തില്‍ 71 റണ്‍സ് നേടി. തുടക്കത്തില്‍ തന്നെ കേരളത്തിന് തിരിച്ചടിയേറ്റു. ഏഴ് റണ്‍സെടുത്ത അഭിഷേക് നായരും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങിയതോടെ സ്‌കോര്‍ 22/2 ആയി.
പിന്നാലെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും (12) പുറത്തായതോടെ 50 റണ്‍സ് തികയും മുന്‍പേ മൂന്ന് വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റില്‍ ബാബാ അപരാജിതും അഖില്‍ സ്‌കറിയയും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തെ 100 കടത്തുകയായിരുന്നു. അഖില്‍ സ്‌കറിയ 27 റണ്‍സെടുത്തു. അപരാജിതിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അഖില്‍ സ്‌കറിയയും മടങ്ങിയതോടെ കേരളം 128/5 എന്ന നിലയിലായി.
തുടര്‍ന്ന് മുഹമ്മദ് അസറുദ്ദീന്‍-വിഷ്ണു വിനോദ് സഖ്യം കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 35 റണ്‍സെടുത്ത വിഷ്ണു വിനോദിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കി. അങ്കിത് ശര്‍മയും (2) പുറത്തായതോടെ സ്‌കോര്‍ 186/7 ആയി. പിന്നീട് എം.ഡി. നിധീഷിനൊപ്പം (34*) അസറുദ്ദീന്‍ 95 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത് കേരളത്തെ 281 റണ്‍സിലെത്തിച്ചു.
മൂന്ന് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്‌സ്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി മൂന്ന് വിക്കറ്റും ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ കേരളം ത്രിപുരയെ പരാജയപ്പെടുത്തിയപ്പോള്‍, കര്‍ണാടക ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 412 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിരുന്നു.