News
വയനാട് കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ സ്ഥിരീകരണം; ഒരു മരണം
കോളറ പടരുന്നതായി റിപ്പോര്‍ട്ട്. കോളറ ബാധിച്ച് ആദിവാസി വയോധികന്‍ ചോമന്‍ മരണമടഞ്ഞു
വയനാട്: വയനാട് പനമരം കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ പടരുന്നതായി റിപ്പോര്‍ട്ട്. കോളറ ബാധിച്ച് ആദിവാസി വയോധികന്‍ ചോമന്‍ മരണമടഞ്ഞു. ഇതുവരെ ഉന്നതിയിലെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉന്നതിയില്‍ താമസിക്കുന്നവര്‍ക്ക് അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നത്. 15 വീടുകളിലായി കഴിയുന്ന ഉന്നതി നിവാസികള്‍ക്ക് ആകെ ഉപയോഗിക്കാവുന്നത് രണ്ട് ശുചിമുറികള്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച അഞ്ച് ശുചിമുറികളില്‍ മൂന്ന് എണ്ണം പൂര്‍ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
ഉന്നതിയിലെ കാനയില്‍ നിന്നുള്ള മലിനജലം വീടുകളുടെ മുന്നിലൂടെ പൊട്ടി ഒഴുകുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതുമൂലം നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.
കോളറ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഉന്നതി നിവാസികള്‍ രംഗത്തെത്തി. ട്രൈബല്‍ വകുപ്പും ആരോഗ്യ വകുപ്പും തങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന കടുത്ത ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നു.മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് കോളറ. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ ബാക്ടീരിയ ചെറുകുടലില്‍ വിഷവസ്തു ഉല്‍പ്പാദിപ്പിക്കുകയും അതുവഴി ശരീരത്തില്‍ നിന്ന് വലിയ അളവില്‍ വെള്ളം പുറത്തുപോകുകയും ചെയ്യുന്നു.
കഠിനമായ വയറിളക്കം, ഛര്‍ദി, അതിവേഗ നിര്‍ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശുചിത്വമില്ലാത്ത പ്രദേശങ്ങളിലാണ് കോളറ പടരാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
india
യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച: മുഖ്യമന്ത്രിക്കു നേരെ പശു പാഞ്ഞടുത്തു, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
സുരക്ഷാ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി.
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യാത്രയ്ക്കിടെ വീണ്ടും സുരക്ഷാവീഴ്ച. കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒരു പശു പാഞ്ഞടുത്ത സംഭവമാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സുരക്ഷാവീഴ്ചയാണിത്.
വെള്ളിയാഴ്ച വൈകീട്ട് ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി യോഗി ആദിത്യനാഥ് എത്തിയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിടുകയും മുൻസിപ്പൽ കമീഷണറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
യോഗിയുടെ വാഹനത്തിൽ നിന്ന് ആദ്യം എം.പി രവികൃഷ്ണൻ പുറത്തിറങ്ങി. പിന്നാലെ മുഖ്യമന്ത്രി പുറത്തിറങ്ങാനൊരുങ്ങുന്നതിനിടെയാണ് പശു വാഹനത്തോട് ചേർന്ന് പാഞ്ഞടുത്തത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പശുവിന്റെ ദിശമാറ്റിയതോടെയാണ് അപകടസാധ്യത ഒഴിവായത്. തുടർന്ന് മുൻസിപ്പൽ കമീഷണർ ഗൗരവ് സിങ് സോഗ്രാവാൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, പ്രദേശത്തെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ചുമതല വഹിച്ചിരുന്ന മുൻസിപ്പൽ കോർപറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് നടപടി സ്വീകരിക്കാൻ കാരണം.
ഉത്തർപ്രദേശിൽ തെരുവ് കന്നുകാലികൾ അലഞ്ഞുതിരിയുന്ന പ്രശ്നം പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെ പലരും ഉയർത്തിക്കാട്ടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കുതന്നെ തെരുവ് പശുവിന്റെ ആക്രമണം നേരിടേണ്ടിവന്നത്.
News
ടി-20 ലോകകപ്പ് ടീമിൽ നിന്ന് ഗിൽ പുറത്ത്; അവസാന നിമിഷം അറിയിപ്പ്, മാനസികമായി തകർന്നെന്ന് റിപ്പോർട്ട്
ടീം പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് താൻ ടീമിലുണ്ടാകില്ലെന്ന കാര്യം ഗിൽ അറിഞ്ഞതെന്നാണ് റിപ്പോർട്ട്.
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഏകദിന–ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ടീം പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് താൻ ടീമിലുണ്ടാകില്ലെന്ന കാര്യം ഗിൽ അറിഞ്ഞതെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച ഉച്ചയോടെയാണ് ടീം മാനേജ്മെന്റ് ഗില്ലിനെ തീരുമാനം അറിയിച്ചത്. രണ്ട് മണിക്ക് നടന്ന പത്രസമ്മേളനത്തിലാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്. ടീമിൽ ഇടംപിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഗിൽ. എന്നാൽ അവസാന നിമിഷം ലഭിച്ച അറിയിപ്പ് താരത്തെ മാനസികമായി തകർത്തുവെന്നാണ് സൂചന.
ഏഷ്യാകപ്പ് സമയത്ത് ടീമിലെത്തിയ ഗില്ലിന് ഓപ്പണർ സ്ഥാനത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് മുൻതാരങ്ങളടക്കമുള്ളവർ ഗില്ലിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. എങ്കിലും ടീമിലേക്കുള്ള സാധ്യത നിലനിൽക്കുമെന്ന് ഗിൽ കരുതിയിരുന്നു.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ നിന്ന് ഗില്ലിനെ ഒഴിവാക്കിയിരുന്നു. എന്നാൽ അവസാന മത്സരം കളിക്കാൻ താരം സന്നദ്ധനായിരുന്നെങ്കിലും ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ഓപ്പണറായെത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
ഇതിനിടെ, ജനുവരിയിൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുണ്ട്. ഈ പരമ്പരയിൽ ക്യാപ്റ്റനായി ഗിൽ തിരിച്ചെത്തുമെന്നാണ് വിവരം. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഗിൽ കളിച്ചിരുന്നില്ല.
kerala
വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ഭീതി വിതച്ച കടുവ കെണിയില്‍ വീണു
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കടുവയെ ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. വനമേഖലയോട് ചേര്‍ന്നാണ് കൂട് സ്ഥാപിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കടുവയെ ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഞായറാഴ്ച പട്ടാപ്പകല്‍ ജനവാസ മേഖലയിലെത്തിയ കടുവ ജംഗിള്‍ ഫാമിലെ വളര്‍ത്തിയ ആടുകളിലൊന്നിനെ കൊന്നിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെ ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന്‍ തീറ്റ കൊടുക്കുന്നതിനിടെ ആടിനെ കടുവ പിടിച്ചുകൊണ്ടുപോയതായാണ് വിവരം. തന്റെ തലയ്ക്ക് മീതെകൂടി കടുവ ചാടിവന്നുവെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. ആടിനെ പിടിക്കുന്നതു കണ്ടു പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. ബഹളംവെച്ച് നാട്ടുകാരെ കൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്ക് കടന്നുപോയി.
റെയ്സിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പോത്തിനെയും കടുവ കൊന്നിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയ വനപാലകരുടെ സഹായത്തോടെ പ്രദേശവാസികള്‍ കാട്ടില്‍ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. ഒരു ഭാഗം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലായിരുന്നു ജഡം.
കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജഡാവശിഷ്ടങ്ങള്‍ ശേഖരിച്ച് സമീപത്ത് നേരത്തെ സ്ഥാപിച്ചിരുന്ന കൂട്ടിനുള്ളില്‍ വച്ചത്. ഇതാണ് കടുവയെ കെണിയില്‍ വീഴ്ത്താന്‍ സഹായിച്ചത്.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് നിന്ന് വളര്‍ത്തുനായയെ കടുവ പിടിച്ചുകൊണ്ടുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെയോടെയാണ് അന്നും കടുവ ജനവാസ മേഖലയിലെത്തിയത്. വീട്ടുകാരുടെ കണ്ണുമുമ്പില്‍ നിന്നാണ് നായയെ പിടിച്ചെടുത്ത് കടുവ കാട്ടിലേക്ക് മറഞ്ഞത്.
തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.
-
kerala15 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala16 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala16 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala17 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india14 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india16 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india3 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
-
india24 hours agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
