Sports

ക്രിക്കറ്റ് താരം യഷ് ദയാലിന് തിരിച്ചടി; പോക്‌സോ കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി

By webdesk18

December 25, 2025

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആര്‍ സി ബി താരം യഷ് ദയാലിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജയ്പുര്‍ പോക്‌സോ കോടതി തള്ളി.  കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് ദയാലിന് പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും ചൂണ്ടിക്കാട്ടി അല്‍കബന്‍സാലാണ് ജാമ്യാപേക്ഷ തള്ളിയത്.

ജയ്പുരിലെ സംഗനിര്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് ക്രിക്കറ്റ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജയ്പുരിലും കാണ്‍പുരിലുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് പലപ്പോഴായി യഷ് ദയാല്‍ പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്നു. പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയ ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റ്, കാള്‍ റെക്കോഡുകള്‍, ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ എന്നിവയുള്‍പ്പെടെ തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

എന്നാല്‍ പെണ്‍കുട്ടിയുമായി പൊതുസ്ഥലത്തു മാത്രമേ കണ്ടുമുട്ടിയിട്ടുള്ളൂവെന്നും പ്രായപൂര്‍ത്തിയായ ആളെന്ന രീതിയിലാണ് പരിചയപ്പെട്ടതെന്നും ദയാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പെണ്‍കുട്ടി പലപ്പോഴായി ദയാലില്‍നിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണ്ടും ചോദിച്ച് കിട്ടാതെ വന്നതോടെ താരത്തെ അപമാനിക്കാനായാണ് പരാതി നല്‍കിയത്. സമാനമായ മറ്റൊരു കേസ് ഗാസിയാബാദ് കോടതിയുടെ പരിഗണനയിലുണ്ടെന്നും എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.