ഗസ്സ: ഏഴു പേരുടെ മരണത്തിനിടയാക്കിയ ഗസ്സ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയ്ക്കുമെന്ന് പാലസ്തീന്‍ സായുധ സംഘമായ ഇസ്‌ലാമിക് ജിഹാദ്. ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനുസിലെ ടണലിനു നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരിച്ചടിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങള്‍ ഉപയോഗിക്കും. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് ഇസ്‌ലാമിക് ജിഹാദ് നേതാവ് ദാവൂദ് ശിഹാബ് പറഞ്ഞു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ നിയമാനുസൃതമായ അവകാശമാണതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രാഈലി വ്യോമ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തേ വ്യക്തമായിരുന്നു.
ഇസ്രാഈലിലേക്ക് നീളുന്ന തുരങ്കമാണെന്നാരോപിച്ചാണ് ഖാന്‍ യൂനുസിന് കിഴക്ക് ഭാഗത്തുള്ള ടണല്‍ ലക്ഷ്യമാക്കി അഞ്ച് മിസൈലുകള്‍ ഇസ്രാഈല്‍ തൊടുത്തുവിട്ടത്. കുറച്ചുകാലമായി തങ്ങളിത് നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ഇസ്രാഈല്‍ അതിര്‍ത്തിയിലെ മതിലിനു സമീപത്താണ് തുരങ്കമുള്ളതെന്നും അത് ആക്രമണത്തില്‍ തകര്‍ന്നതായും ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്‌ലാമിക് ജിഹാദിന്റെ സൈനികവിഭാഗമായ അല്‍ഖുദ്‌സിന്റെ അഞ്ച് പ്രവര്‍ത്തകരും ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ രണ്ടുപേരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. സയണിസ്റ്റുകളുടെ ഒടുവിലത്തെ ആക്രമണമെന്ന് സംഭവത്തെ വിശേഷിപ്പിച്ച ഹമാസ്, ആക്രമണത്തെ അപലപിച്ചു. അധിനിവേശത്തെ ചെറുത്തുനില്‍ക്കുകയെന്നത് ഫലസ്തീന്‍ ജനതയുടെ അവകാശമാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.