മുംബൈ: മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖപ്രസവം. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രക്കിടെയാണ് സംഭവം.
വിമാനം അടിയന്തരമായി മുംബൈയിലിറക്കിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആസ്പത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇക്കണോമിക് ക്ലാസില്‍ സഞ്ചരിച്ചിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ് ക്ലാസിലെത്തിച്ചു. ജീവനക്കാരും യാത്രക്കാരിയായ നഴ്‌സും ചേര്‍ന്ന് യുവതിക്ക് പരിചരണം നല്‍കി. പാകിസ്താനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രസവം നടന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒന്നര മണിക്കൂറിനു ശേഷം വിമാനം മുംബൈയില്‍ അടിയന്തര ലാന്റിങ് നടത്തി യുവതിയെയും കുഞ്ഞിനെയും ആസ്പത്രിയിലേക്ക് മാറ്റി. യാത്ര തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. യുവതി ഒറ്റക്കാണ് യാത്ര ചെയ്തിരുന്നത്. അതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടിക്കറ്റിലെ വിവരങ്ങള്‍ വെച്ച് ബന്ധുക്കളെ അറിയിച്ചതായി വിമാനകമ്പനി ജീവനക്കാര്‍ പറഞ്ഞു.