Connect with us

kerala

ആഗോള അയ്യപ്പ സംഗമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: പങ്കെടുക്കാത്ത ഭജന ട്രൂപ്പിന്റെ പേരില്‍ 8 ലക്ഷത്തിന്റെ വ്യാജ ബില്ല്

ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

Published

on

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഭജന ട്രൂപ്പായ ‘നന്ദ ഗോവിന്ദം’ പരിപാടിയില്‍ പങ്കെടുക്കുകയോ അവരെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ക്ക് 8 ലക്ഷം രൂപ നല്‍കിയതായി കാണിച്ചാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബില്ല് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. എന്നാല്‍ തങ്ങള്‍ പമ്പയിലോ സന്നിധാനത്തോ ഇതുവരെ ഭജന നടത്തിയിട്ടില്ലെന്ന് നന്ദ ഗോവിന്ദം ഭജന്‍സ് സംഘം അറിയിച്ചിരിക്കുന്നത്.

നന്ദ ഗോവിന്ദം ട്രൂപ്പിന്റെ പേരില്‍ 8 ലക്ഷം രൂപ വകമാറ്റിയപ്പോള്‍, യഥാര്‍ത്ഥത്തില്‍ പരിപാടി അവതരിപ്പിച്ച സംഘത്തിന് എത്ര തുക നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിജയ് യേശുദാസ്, സുദീപ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത അയ്യപ്പ ഗാനമേളയുടെ ചെലവ് വിവരങ്ങളും ഓഡിറ്റിലില്ല.

അയ്യപ്പ സംഗമത്തിന് 5,000 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയ വകയില്‍ 8.5 ലക്ഷം രൂപ ചെലവായെന്നാണ് കണക്കുകള്‍. യഥാര്‍ത്ഥത്തില്‍ പങ്കെടുത്തവര്‍ ഇതിലും വളരെ കുറവാണെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ കണ്ടെത്തല്‍.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍.

ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന്, കരാര്‍ ഏറ്റെടുത്ത ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് (IIIC) മുഴുവന്‍ ബില്ലുകളും രേഖകളും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ബോര്‍ഡ് ആസ്ഥാനത്ത് ചേരുന്ന അടിയന്തര യോഗത്തില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തേക്കും.

 

kerala

പ്രഭാവതി അമ്മ മാസ്സ്; ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു

എരഞ്ഞിപ്പാലം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

Published

on

കോഴിക്കോട്: നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത പ്രഭാവതി അമ്മയുടെ ഇടപെടലില്‍ നടപടി. എരഞ്ഞിപ്പാലം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു വന്നയാളെ പ്രഭാവതി അമ്മ തടഞ്ഞുനിര്‍ത്തിയിരുന്നു. റോഡിലൂടെ പോകാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന യാത്രക്കാരനെ തന്റെ സ്മാര്‍ട്ട് ഫോണില്‍ വീഡിയോ പകര്‍ത്തിയാണ് അവര്‍ നേരിട്ടത്. ഒടുവില്‍ ഇയാള്‍ വണ്ടി തിരിച്ചു റോഡിലൂടെ തന്നെ പോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായതോടെ പ്രഭാവതി അമ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ‘പ്രഭാവതി അമ്മ ഇഫക്ട്’ എന്ന പേരില്‍ ഈ സംഭവം ചര്‍ച്ചയായി.

 

Continue Reading

kerala

അയ്യപ്പന്റെ പേരിലും വന്‍ കൊള്ള; അയ്യപ്പ സംഗമം മറ്റൊരു തട്ടിപ്പെന്ന് വി.ഡി. സതീശന്‍

പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും കൊള്ളയുമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അയ്യപ്പന്റെ പേരില്‍ നടന്ന മറ്റൊരു തട്ടിപ്പാണിതെന്നും വിശദമായ അന്വേഷണം വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി കണക്ക് ആവശ്യപ്പെട്ട കേസില്‍ പോലും വന്‍ അഴിമതി നടന്നെന്നും പന്തല്‍ നിര്‍മ്മാണം മുതല്‍ ഭക്ഷണ വിതരണം വരെ സകല കാര്യങ്ങളിലും കൃത്രിമം കാട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന്‍ പറഞ്ഞു.

4,000 പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഏകദേശം 600 പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ, അയ്യപ്പ സംഗമത്തിലും ഇത്തരത്തില്‍ കൊള്ള നടന്നത് ഗൗരവകരമാണ്.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്തുമെന്ന് പറഞ്ഞ പരിപാടിക്ക് ദേവസ്വം ബോര്‍ഡിന്റെ തുക വകമാറ്റുകയും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ഇത്രയും വലിയ കൊള്ള നടക്കാമെങ്കില്‍ ശബരിമലയിലെ മറ്റ് കാര്യങ്ങളില്‍ എന്തെല്ലാം നടന്നിട്ടുണ്ടാകുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ ഹൈക്കോടതി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading

kerala

വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം: രാജ്യസഭയിൽ ചട്ടം 267 പ്രകാരം ഹാരിസ് ബീരാൻ എം.പി. നോട്ടീസ് നൽകി

കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

Published

on

ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് 2026 ജനുവരി 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരെ അഡ്വ. ഹാരിസ് ബീരാൻ എം.പി. രാജ്യസഭയിൽ നോട്ടീസ് നൽകി. സഭയുടെ മറ്റ് നടപടിക്രമങ്ങൾ നിർത്തിവെച്ച് ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് അദ്ദേഹം നോട്ടീസ് സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകളിൽ മാതൃഭൂമിയുടെ പ്രകൃതിഭംഗിയെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ, തുടർന്നുള്ള വരികളിൽ ഹൈന്ദവ ദേവതകളായ ദുർഗ്ഗയെയും ലക്ഷ്മിയെയും സ്തുതിക്കുന്ന ഭാഗങ്ങളുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്നതിനും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിനുമാണ്
ഭരണഘടന നിർമ്മാണ സമിതി ഈ ഭാഗം പാടേണ്ട എന്ന് നിശ്ചയിച്ച് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ദേശീയഗീതമായി നിശ്ചയിച്ചത്. ഈ വസ്തുത നിലനിൽക്കെ, ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും
ഇത്തരം നിർബന്ധബുദ്ധി കാണിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഭരണഘടന നിർമ്മാണ സമിതിയെടുത്ത തീരുമാനം ഏകപക്ഷീയമായി തിരുത്താനാണ് ജനുവരി 28-ലെ ഈ ഉത്തരവിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.

Continue Reading

Trending