News

സോഷ്യല്‍ മീഡിയയില്‍ വൈറലായ തീതുപ്പുന്ന കാര്‍ കണ്ടെത്തി MVD; ഉടമക്കെതിരെ നടപടി

By Manya

February 11, 2026

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരില്‍ നിരത്തില്‍ തീ തുപ്പി ഭീതിസൃഷ്ടിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് (MVD) കണ്ടെത്തി. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ പേരിലുള്ള വാഹനമാണിത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി വാഹനം കണ്ടെത്തിയത്. മുഖത്തലയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കാര്‍ പിടികൂടിയത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനം 2024ലാണ് നിലവിലെ ഉടമ വാങ്ങിയത്. വാഹനത്തിനെതിരെ ഇതിനകം 11 പിഴകള്‍ ചുമത്തിയിട്ടുണ്ട്; അതില്‍ നാല് എണ്ണം അടച്ചതായി അധികൃതര്‍ അറിയിച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.

വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തി വലിയ രീതിയില്‍ തീ പുറന്തള്ളുന്ന സംവിധാനവും കനത്ത ശബ്ദവും സൃഷ്ടിക്കുന്ന മാറ്റങ്ങളും നടത്തിയിരുന്നു. വാഹനത്തിന്റെ നിറം മാറ്റി യഥാര്‍ത്ഥ രൂപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് എംവിഡി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം കുണ്ടറയിലെ ഒരു വിവാഹചടങ്ങിനിടെ ഈ കാര്‍ നിരത്തില്‍ തീ തുപ്പി ഓടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് എംവിഡിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷണ നടപടി ശക്തമാക്കിയത്. ഉടമയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിട്ടുണ്ട്. തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.