News

എക്‌സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു

By webdesk17

January 11, 2026

അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ വീഴ്ച സമ്മതിച്ച് എക്‌സ്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തു. എക്‌സിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ആയ ഗ്രോക്കിനെതിരെയായിരുന്നു നടപടി സ്വീകരിച്ചത്.

ഇന്ത്യയിലെ നിയമപ്രകാരം പ്രവര്‍ത്തിക്കുമെന്നും തെറ്റ് പറ്റിയെന്ന് എക്‌സ് സമ്മതിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. എക്‌സിലെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനുവരി രണ്ടിനാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചത്. തുടര്‍ന്ന് എക്സിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയിരുന്നു. എക്‌സിന്റെ ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ദുരുപയോഗം സംബന്ധിച്ച് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രോക്ക് എ.ഐ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് നിര്‍മിച്ച മുഴുവന്‍ അശ്ലീല ചിത്രങ്ങളും 72 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സിന് അന്ത്യശാസനം നല്‍കിയത്.

എന്നാല്‍ കമ്പനിയുടെ നയങ്ങള്‍ വിശദീകരിക്കുന്ന മറുപടിയാണ് ആദ്യത്തെ കാരണം കാണിക്കല്‍ നോട്ടിസിന് എക്‌സ് നല്‍കിയതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് വ്യക്തമായ വിശദീകരണം തേടി വീണ്ടും നോട്ടിസ് നല്‍കുകയായിരുന്നു.