പിണറായി എന്ന പീഡകരുടെ രക്ഷകന്‍
സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞിമുഹമ്മദിനെതിരായി ലൈംഗികാതിക്രമണ പരാതി നല്‍കിയ അതിജീവത കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തല്‍ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിന്ദ്യവും നീജവുമായ സാഹചര്യങ്ങളെ അഭി മുഖീകരിക്കേണ്ടിവന്നിട്ടും മനസ്സിനെ തകര്‍ന്നുപോകാതെ പിടിച്ചുനിര്‍ത്തുകയും അനീതിക്കെതിരെ പോരാടാനുറച്ച് രംഗത്തുവരികയും ചെയ്ത ഒരു സ്ത്രീയെ, ഭരണകൂടം തന്നെ നിശബ്ദമാക്കാന്‍ ശ്രമിച്ചതിന്റെ ഭീതിതമായ കഥകളാണ് അവര്‍ തുറന്നുപറഞ്ഞിരിക്കുന്നത്. നീതിയുടെ വെളിച്ചം സ്വപ്നംകണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടിയൊന്നും കൈക്കൊള്ളാതെ അത് പൂഴ്ത്തിവെക്കാന്‍ ശ്രമങ്ങളുണ്ടായെന്നുള്ള തുറന്നുപറച്ചില്‍ ഈ സര്‍ക്കാറിനെ മാത്രമല്ല, മലയാളികളെ ഒന്നടങ്കം നാണക്കേടിനാല്‍ തല താഴ്ത്തിപ്പിക്കുകയാണ്. ഇത്രയും നഗ്‌നമായ രീതിയില്‍ പീഡകര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഒരു സര്‍ക്കാറിന്റെ കീഴില്‍ ജീവിക്കേണ്ടി വന്നതിന്റെ ഗതികേടിനെ ഓര്‍ത്ത് നെടുവീര്‍പ്പിടുകയാണ് ഓരോ കേരളീയനുമെന്നതാണ് യാഥാര്‍ത്ഥ്യം. നവംബര്‍ 24 ന് സംഭവം വിവരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടും രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയെന്നല്ലാതെ മാസങ്ങള്‍ പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. സംഭവത്തിനു ശേഷം പരാതി നല്‍കാതിരിക്കാനും നിശബ്ദയായിരിക്കാനുമൊക്കെയുള്ള ഉപദേശങ്ങള്‍ പല കോണില്‍ നിന്നുയര്‍ന്നുവെന്നും അവര്‍ പറയുന്നു. താരതമ്യേന തന്നെപ്പോലെ ഭേദപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന സത്രീകള്‍ക്കുപോലും ഇതാണ് അവസ്ഥയെങ്കില്‍ ഇന്നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ഗൗരവതരമായ ചോദ്യവും അവര്‍ ഉയര്‍ത്തിയിരിക്കുകയാണ്. നിശബ്ദതക്കുള്ള പ്രേരണയും സുരക്ഷയുടെ മൂടുപടവുമൊക്കെയായി അവരെ സമീപിച്ചിരിക്കുന്നത് ഭരണക്കാരുടെ പിണിയാളുകള്‍ തന്നെയായിരിക്കുമെന്നതില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായി ഈ സര്‍ക്കാറിനെ അനുഭവിക്കുന്ന ഒരാള്‍ക്കും സംശയമുണ്ടാവാനിടയില്ല. കുഞ്ഞുമുഹമ്മദിന്റെ പ്രായവും അസുഖവുമൊക്കെ പറഞ്ഞുകൊണ്ടായിരുന്നവത്രെ വക്കാലത്തുകളുമായി പലരും എത്തിയത്. ഇതുവഴി സഹിക്കാനാകാത്ത സമ്മര്‍ദ്ദമായിരുന്നു സഹിക്കേണ്ടി വന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. നവംബര്‍ ആറിനായിരുന്നു സംഭവം നടന്നത്. ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി. പലതവണ പൊലീസില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യു.സി.സിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്.ഐ.ആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നുമായിരുന്നു ഡബ്ല്യു.സി.സി സോഷ്യല്‍ മീഡിയ വഴി കുറ്റപ്പെടുത്തിയത്. സംസ്ഥാനത്ത് ഇരട്ടനീതി സംജാതമാക്കി എന്നതാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കേരളത്തിലുണ്ടാ ക്കിയ ഏറ്റവും വലിയ മാറ്റം. തങ്ങളുടെ സ്വന്തക്കാരും ബന്ധുക്കാരുമാണെങ്കില്‍ ഒരു മടിയും മറയുമില്ലാതെ ജനങ്ങളുടെ സാമാന്യ ബോധത്തെപോലും വെല്ലുവിളിച്ചുകൊണ്ട് എന്തു നെറികേടിനേയും വെളിപ്പിച്ചെടുക്കുന്നതില്‍ ഈ സര്‍ക്കാര്‍ ഒരു അമാന്തവും കാണിക്കാറില്ല. കണ്ടാ മൃഗത്തെ വെല്ലുന്ന തൊലിക്കട്ടിയാണ് പിണറായിയും കൂട്ടരും ഇക്കാര്യത്തില്‍ കാത്തുസൂക്ഷിക്കുന്നത്. അതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിലൊന്നുമാത്രമാണ് പി.ടി കുഞ്ഞുമുഹമ്മദിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഒരു അതിജീവത നല്‍കിയ പരാതി മാസങ്ങളോളം കോന്തലക്കല്‍ തിരുകിവെച്ച്, കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ സ്ത്രീസുരക്ഷയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ ഈ മുഖ്യമന്ത്രിയെ വഞ്ചകനെന്നല്ലാതെ മറ്റെന്തുപേരിട്ടാണ് വിളിക്കാന്‍ കഴിയുക.