News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്രയുടെ മരണം; സീനിയര്‍ വിദ്യര്‍ഥിനികളുടെ റാഗിങ് എന്ന് കുടുംബം

By webdesk17

January 22, 2026

ഒറ്റപ്പാലം: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ രുദ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ രുദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്.

സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ മകളെ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, ഇതേക്കുറിച്ച് മരിക്കുന്നതിന് മുമ്പ് ഫോണ്‍ വിളിയില്‍ മകള്‍ അറിയിച്ചിരുന്നുവെന്നും രുദ്രയുടെ അച്ഛന്‍ രാജേഷ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ഹോസ്റ്റല്‍ വാര്‍ഡന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കും കുടുംബം പരാതി നല്‍കി.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തുമെന്നും, മരിച്ച വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളിലും അധ്യാപകരിലും നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. റാഗിങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയോ കുടുംബമോ ഇതുവരെ ഔദ്യോഗിക പരാതി നല്‍കിയിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.