News

ലണ്ടനില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം: ഗ്രെറ്റ തുന്‍ബര്‍ഗ് അറസ്റ്റില്‍; ഭീകരവിരുദ്ധ നിയമപ്രകാരം കേസ്

By webdesk18

December 23, 2025

ലണ്ടന്‍: ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ പ്രശസ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെ (22) ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഫെന്‍ചര്‍ച്ച് സ്ട്രീറ്റിലെ ആസ്പന്‍ ഇന്‍ഷുറന്‍സ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സിറ്റി ഓഫ് ലണ്ടന്‍ പോലീസ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്.

ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘പ്രിസണേഴ്‌സ് ഫോര്‍ ഫലസ്തീന്‍’ എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ”ഫലസ്തീന്‍ ആക്ഷന്‍ തടവുകാരെ ഞാന്‍ പിന്തുണയ്ക്കുന്നു, വംശഹത്യയെ എതിര്‍ക്കുന്നു” എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചതിനാണ് ഗ്രെറ്റയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിരോധിത സംഘടനയായ ‘ഫലസ്തീന്‍ ആക്ഷന്‍’നെ പിന്തുണച്ചുവെന്നാരോപിച്ചാണ് ഗ്രെറ്റയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ബ്രിട്ടന്റെ ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പ് 13 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇസ്രാഈല്‍ പ്രതിരോധ കമ്പനികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ഫലസ്തീന്‍ ആക്ഷന്‍’നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ഇസ്രാഈലി ആയുധ നിര്‍മ്മാതാക്കളായ എല്‍ബിറ്റ് സിസ്റ്റംസുമായി ആസ്പന്‍ ഇന്‍ഷുറന്‍സിന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായത്. ഗ്രെറ്റ സ്ഥലത്തെത്തുന്നതിന് മുന്‍പ് കെട്ടിടത്തിന് നേരെ ചുവന്ന പെയിന്റ് ഒഴിക്കുകയും ചുറ്റിക ഉപയോഗിച്ച് കേടുപാടുകള്‍ വരുത്തുകയും ചെയ്ത രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ ഭീകരവിരുദ്ധ നിയമങ്ങളെ ”അസംബന്ധം” എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റയുടെ അഭിഭാഷകന്‍ രാജ് ഛദ പ്രതികരിച്ചു. സമാനമായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിന് കഴിഞ്ഞ വര്‍ഷവും നിരവധി പേരെ ഇതേ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. 2023-ല്‍ ലണ്ടനില്‍ നടന്ന എണ്ണ-വാതക വിരുദ്ധ പ്രതിഷേധത്തിനിടെ ഗ്രെറ്റയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതി അവരെ കുറ്റവിമുക്തയാക്കിയിരുന്നു