Connect with us

india

ആര്‍.എസ്.എസ് കള്ളപ്പണം വെളുപ്പിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പ്രിയങ്ക് ഖാര്‍ഗെ

ഫെബ്രുവരി 15 നു നടന്ന ഇര്‍ഷാദ് ഉപ്പിനന്‍ ഗാഡിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ആര്‍.എസ്.എസിനെ ഡെവിള്‍ എന്നു ഖാര്‍ഗെ അഭിസംബോധന ചെയ്തത്.

Published

on

ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശ രാജ്യങ്ങളിലെ രണ്ടായിരത്തഞ്ഞൂറിലധികം അനുബന്ധ സംഘടനകളില്‍ നിന്ന് ആര്‍.എസ്.എസിന് വന്‍തോതില്‍ പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരുതരം കള്ളപ്പണം വെളുപ്പിക്കലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

‘രാജ്യത്തെ പൗരന്മാരെല്ലാം നിയമം അനുസരിക്കണമെന്നും ആദായനികുതി അടയ്ക്കണമെന്നും ആഗ്രഹിക്കുന്ന ആര്‍.എസ്.എസ്, എന്തുകൊണ്ടാണ് നികുതി അടയ്ക്കാതെ സ്വതന്ത്രരായി തുടരുന്നത്?’ എന്ന് പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു. ആര്‍.എസ്.എസ് നിയമത്തിനും ഭരണഘടനയ്ക്കും അതീതരാണോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ആര്‍.എസ്.എസ് ഒരു രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്ന കാര്യവും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ബംഗളൂരു ക്ലബ്ബ് പോലുള്ള സ്ഥാപനങ്ങള്‍ പോലും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുമ്പോള്‍, നൂറുവര്‍ഷമായിട്ടും ആര്‍.എസ്.എസ് എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ഖാര്‍ഗെ ചോദിച്ചു. ആര്‍.എസ്.എസ് ആസ്ഥാനത്ത് 52 വര്‍ഷത്തോളം ദേശീയ പതാക ഉയര്‍ത്താതിരുന്നിട്ടും അവര്‍ മറ്റുള്ളവരെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

2025 ഒക്ടോബറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഫെബ്രുവരി 15 നു നടന്ന ഇര്‍ഷാദ് ഉപ്പിനന്‍ ഗാഡിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ആര്‍.എസ്.എസിനെ ഡെവിള്‍ എന്നു ഖാര്‍ഗെ അഭിസംബോധന ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫെമ ചട്ടം ലംഘിച്ചു; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി ഇ ഡി

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Published

on

ന്യൂഡല്‍ഹി: സ്വതന്ത്ര വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയ്ക്കും വന്‍തുക പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചതിനെത്തുടര്‍ന്ന് ആകെ 184 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ന്യൂസ്‌ക്ലിക്ക് പോര്‍ട്ടലിന്റെ ഉടമസ്ഥരായ ‘പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിക്ക് 120 കോടി രൂപയും പ്രബീര്‍ പുരകായസ്തയ്ക്ക് വ്യക്തിപരമായി 64 കോടി രൂപയുമാണ് പിഴ. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി കാണിച്ച് 9.59 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും 2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ പേരില്‍ സ്വീകരിച്ച 82.63 കോടി രൂപയുടെ ഇടപാടുകളില്‍ റിപ്പോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചതായും ഇ ഡി കണ്ടെത്തി.

ഈ നിയമലംഘനങ്ങള്‍ ഗൗരവകരവും ആസൂത്രിതവുമാണെന്നും വിദേശ വിനിമയ നിയന്ത്രണ ചട്ടങ്ങളെ മറികടക്കാന്‍ വേണ്ടിയാണ് ഇടപാടുകള്‍ ഇത്തരത്തില്‍ ക്രമീകരിച്ചതെന്നും ഇ ഡി ഉത്തരവില്‍ വ്യക്തമാക്കി.

ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചെന്ന ആരോപണമാണ് ന്യൂസ്‌ക്ലിക്കിനെതിരെ ഉയര്‍ന്നത്. ഇ ഡിക്ക് പുറമേ സിബിഐ, ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ആദായ നികുതി വകുപ്പും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം 2023 ഒക്ടോബറില്‍ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2024 മെയില്‍ സുപ്രീം കോടതി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.

 

Continue Reading

india

മുസ്‌ലിം എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചു; പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

റഹീമാബാദിലെ ശിവക്ഷേത്രത്തിലാണ് സംഭവം.

Published

on

മുംബൈ: ശിവസേന (ഷിന്‍ഡെ വിഭാഗം) എംഎല്‍എയും മുന്‍ മന്ത്രിയുമായ അബ്ദുല്‍ സത്താര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന് പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. റഹീമാബാദിലെ ശിവക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് എംഎല്‍എ തന്റെ മണ്ഡലത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

എംഎല്‍എ മടങ്ങിയതിന് പിന്നാലെ ഏതാനും യുവാക്കള്‍ ക്ഷേത്രത്തിനകത്ത് ഗോമൂത്രം തളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സത്താര്‍ ഗോമാംസം കഴിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം സന്ദര്‍ശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്നുമാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ വാദം.

‘സത്താര്‍ ഗോമാംസം കഴിക്കുന്ന ആളാണ്. അദ്ദേഹം ദര്‍ശനം നടത്തിയതോടെ ക്ഷേത്രത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അടുത്തിടെ ഹജ്ജ് കഴിഞ്ഞ് വന്ന അദ്ദേഹം ഇപ്പോള്‍ ക്ഷേത്രത്തില്‍ പോകുന്നത് ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരേപോലെ വിഡ്ഢികളാക്കാനാണ്,’ എന്ന് സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷന്‍ മനോജ് മൊരേലു പ്രതികരിച്ചു.

Continue Reading

india

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തില്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

Published

on

ബംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. മല്ലേഷ്, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി തൂക്കിലേറ്റാന്‍ വിധിച്ചത്.

രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തില്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹംപിയിലെ സനാപൂര്‍ തടാകക്കരയില്‍ വിശ്രമിക്കുകയായിരുന്ന വിനോദസഞ്ചാരികളെ മൂന്ന് പ്രതികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഒഡീഷ സ്വദേശിയായ ബിബാഷിനെ മര്‍ദ്ദിച്ച ശേഷം പ്രതികള്‍ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവരെ മര്‍ദ്ദിച്ച് കനാലിലെറിഞ്ഞു.

27-കാരിയായ ഇസ്രാഈല്‍ പൗരയെയും അവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയുടെ ഉടമയായ 29-കാരിയെയുമാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കുറ്റകൃത്യത്തിന്റെ ക്രൂരത പരിഗണിച്ച ഗംഗാവതി ജില്ലാ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി ആറിന് തന്നെ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

 

Continue Reading

Trending