News

അമേരിക്കയെ ധിക്കരിച്ചാല്‍ കടുത്ത നടപടി; വെനസ്വേലക്ക് വീണ്ടും ട്രംപിന്റെ ഭീഷണി

By webdesk18

January 05, 2026

വാഷിങ്ടണ്‍: വെനസ്വേലക്ക് വീണ്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ധിക്കരിച്ചാല്‍, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നല്‍കി.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ശരിയായത് ചെയ്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്.

വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മദുറോയെ തടങ്കലിലാക്കിയ അമേരിക്കന്‍ നടപടിക്കെതിരെ റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി മണിക്കൂറുകള്‍ക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം. റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകും. ക്രൂഡ് ഓയില്‍ അടക്കമുള്ളവയില്‍ അമേരിക്കയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം- ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് തള്ളിക്കളഞ്ഞു. വെനസ്വേല ഒരിക്കലും ഒരു കോളനി ആകില്ലെന്ന് റോഡ്രിഗസ് തുറന്നടിച്ചു. രാജ്യത്തിന്റെ സ്വാഭാവിക വിഭവങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മദുറോയുടെ നയങ്ങളില്‍ പ്രതിജ്ഞാബദ്ധമാണെന്നും റോഡ്രിഗസ് വ്യക്തമാക്കി. നിക്കോളാസ് മദുറോ അമേരിക്കയുടെ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് (56) ഏറ്റെടുത്തത്.