യു. എസ് പ്രസിഡന്റ് ഏര്‍പ്പെടുത്തിയ പകരചുങ്കം നിയമ വിരുദ്ധമെന്ന സുപ്രീം കോടതി വിധി ട്രംപിനൊപ്പം രാജ്യത്തിന്റെ പരമാധികാരം അടിയറവെച്ച് വ്യാപാരക്കരാറില്‍ തിടുക്കപ്പെട്ട് ഒപ്പുവെച്ച ഇന്ത്യാ ഗവണ്‍മെന്റിനും കനത്ത അടിയാണ്. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നുമായിരുന്നു ആഗോളതലത്തില്‍ വ്യപാരരംഗത്തെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിലുള്ള കോടതിയുടെ നിരീക്ഷണം. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. അടിയന്തരാവസ്ഥ സമയത്ത് താരിഫില്‍ മാറ്റം വരുത്താനുള്ള നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍ കോടതിവിധിയെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് ട്രംപി പിന്നീട് തുടക്കമിട്ടിരിക്കുന്നത്. 1974 ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 122 പ്രകാരം എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ രാഷ്ട്രങ്ങള്‍ക്കും ആഗോള തീരുവ ചുമത്തുന്ന പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അദ്ദേഹം ഒപ്പുവെച്ചിരിക്കുകയാണ്. സെക്ഷന്‍ 122 അഞ്ചുമാസത്തേക്കുമാത്രമുള്ള താല്‍ക്കാലിക നടപടിയാണെന്നതിനാല്‍ പുതുക്കിയ തീരുവ നിലനിര്‍ത്താന്‍ അദ്ദേഹം മറ്റുവഴികള്‍ തേടേണ്ടിവരുമെന്നത് മറ്റൊരുകാര്യം. രണ്ടാം തവണയും വൈറ്റ് ഹൗസില്‍ എത്തിയതിനുശേഷം, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് വന്‍തോതില്‍ തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് അമേരിക്കയുടെ വ്യാപാര ബന്ധങ്ങള്‍ അടിമുടി മാറ്റിമറിച്ചിരുന്നു. ഇതിനായി ‘ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ എന്ന നിയമത്തിലെ വ്യവസ്ഥകളാണ് ട്രംപ് ആയുധമാക്കിയത്. മാരകമായ ലഹരിമരുന്നുകളുടെ കടത്ത് തടയുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി പ്രഖ്യാപിച്ച പ്രത്യേക തീരുവകളും ഇതില്‍ ഉള്‍പ്പെടുന്നു.
അമേരിക്ക കുറഞ്ഞ തീരുവ ഈടാക്കുന്നത് ഇന്ത്യയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം മുതെലുടുക്കുന്നുവെന്നതായിരുന്നു തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ ന്യായം. സഖ്യകക്ഷികളെയും സൗഹൃദ രാജ്യങ്ങളെയുമൊന്നും ഒഴിവാക്കാതിരിക്കാന്‍ ട്രംപ് പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍ ലോകത്ത് വ്യാപാര യുദ്ധത്തിന്റെ പ്രതീതിയായിരുന്നു രൂപപ്പെട്ടത്. അമേരിക്കക്ക് ബദലായി വികസിത രാജ്യങ്ങള്‍ തിരിച്ചും കനത്ത തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ലോകം ആശങ്കയുടെ മുള്‍മുനയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെയായിരുന്നു ട്രംപിന്റെ തീരുവ. ചൈന അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ അവരുടെ തീരുവ 100 മുതല്‍ 150 വരെയായി ഉയര്‍ന്നു. എന്നാല്‍ അപകടം മനസിലാക്കിയ ട്രംപ് ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കുകയും പിന്നീട് കുറച്ചുകൊണ്ടുവരികയുമായിരുന്നു.
മോദിയുടെ മൈഫ്രണ്ടില്‍നിന്നുണ്ടായ അപ്രതീക്ഷിതമായ നീക്കങ്ങള്‍ ഇന്ത്യക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനു പുറമെ റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നുവെന്നതിന്റെ പേരില്‍ 25 ശതമാനം പിഴയും ചുമത്തിയപ്പോള്‍ ഇന്ത്യയുടെ ഇറക്കുമതിത്തീരുവ ഫലത്തില്‍ 50 ശതമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഒടുവില്‍ രാജ്യത്തിന്റെ ആത്മാഭിമാനം ട്രംപിനുമുന്നില്‍ പണയംവെച്ചാണ് വ്യാപാരക്കരാറിന്റെ പേരില്‍ ഇന്ത്യക്കുള്ള തീരുവ പതിനെട്ടു ശതമാനമായി കുറച്ചത്. അതിന് പകരമാകട്ടേ രാജ്യത്തെ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നതരത്തില്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവരഹിതമാക്കിയിരിക്കുകയുമാണ്. വ്യാപാരക്കരാറിന്റെ പ്രഖ്യാപനംപൊലും ഇന്ത്യയെ ലോകത്തിന്റെ മുന്നില്‍ നാണിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇന്ത്യക്കുള്ള തീരുവ കുറച്ചുവെന്നും എന്നാല്‍ ഇന്ത്യ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കില്ലെന്നും ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.
പകരച്ചുങ്കത്തിനുള്ള സ്റ്റേ ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കിട്ടിയിട്ടുള്ള കടുത്ത അടിയാണ്. ഇന്ത്യയുടെ പരമാധികാരത്തെതന്നെ അടിയറവെച്ചുകൊണ്ട് മോദി ഒപ്പുവെച്ച വ്യാപാരക്കരാറിന് രണ്ടാഴ്ച്ചമാത്രം തികയുന്നതിന് മുമ്പാണ് ട്രംപിന്റെ നയങ്ങള്‍ക്ക് അമേരിക്കന്‍ കോടതി സുല്ലിട്ടത്. അധികത്തീരുവകള്‍ക്കെതിരെ അമേരിക്കയിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സമര്‍പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഈയാഴ്ച്ച ഇതില്‍ വിധിയുണ്ടാവുമെന്നും അറിഞ്ഞിട്ടും അതിനൊന്നും കാത്തുനില്‍ക്കാതെ ട്രംപിന്റെ തിട്ടൂരത്തിന് വഴങ്ങാന്‍ പ്രധാനമന്ത്രിക്കെന്തിനായിരുന്നു ഇത്രയും തിടുക്കം എന്ന ചോദ്യമാണ് രാജ്യം ഇപ്പോള്‍ ഉയര്‍ത്തുന്നത്. റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന് തീരുവ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കും രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേല്‍കത്തിവെക്കുന്നതിനും റാന്‍മൂളിയായി മാറുന്നതിന് പകരം, സുപ്രീംകോടതി വിധി മുന്‍കൂട്ടിക്കണ്ട് വ്യാപാരക്കരാറില്‍ കാലതാമസം വരുത്തുകയും വിധിയുടെ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കരാര്‍ പൂര്‍ണമായും ഇന്ത്യക്കനുകൂലമാക്കിമാറ്റുകയുമായിരുന്നു മോദി സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. വിധിക്കു ശേഷം ഇന്ത്യയുടെ തീരുവ 18 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി കുറച്ചത് ട്രംപിന്റെ നിസ്സഹായതക്കുള്ള തെളിവാണ്. എന്നാല്‍ രാജ്യതാല്‍പര്യങ്ങളെക്കാളുപരി എപ്സ്റ്റീന്‍ഫയല്‍ സമ്മര്‍ദ്ദങ്ങളടക്കമുള്ള യു.എസിന്റെ വിരട്ടലാണ് മോദിയെ കരാറിലേക്ക് നയിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണമാണ് ഇവിടെ തെളിഞ്ഞുവന്നിരിക്കുന്നത്.