ഷിംല: ആശുപത്രി കിടക്കയില്‍ ചികിത്സയിലായിരുന്ന രോഗിയെ മര്‍ദിച്ച സംഭവത്തില്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോ. രാഘവ് നിരൂലയെ പുറത്താക്കിയത്.
ഡിസംബര്‍ 22ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 36കാരനായ അര്‍ജുന്‍ സിങ് ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഓക്‌സിജന്റെ അളവ് കുറഞ്ഞതും കാരണം നിരീക്ഷണത്തിനായി രണ്ട് മണിക്കൂര്‍ ആശുപത്രി കിടക്കയില്‍ കിടക്കുകയായിരുന്നു.
പതിവ് പരിശോധനയ്ക്കിടെയാണ് ഡോ. നിരൂല അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും, ആരോഗ്യസ്ഥിതിയും ഓക്‌സിജന്റെ കുറവും കാരണം തനിക്ക് ശരിയായി പ്രതികരിക്കാന്‍ കഴിയാതിരുന്നതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നും അര്‍ജുന്‍ സിങ് ആരോപിച്ചു. തുടര്‍ന്ന് ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.
ആക്രമണത്തിന്റെ ഫലമായി മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം ഉണ്ടായതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റതായും അര്‍ജുന്‍ സിങ് വ്യക്തമാക്കി. ആക്രമണ സമയത്ത് മറ്റൊരു ഡോക്ടര്‍ തന്റെ കാലുകള്‍ പിടിച്ചതിനാല്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയാതിരുന്നതായും അദ്ദേഹം ആരോപിച്ചു.
മര്‍ദനത്തിനിടെ തന്റെ ഓക്‌സിജന്‍ പൈപ്പ് പൊട്ടിപ്പോയതായും ഇതുമൂലം തന്റെ ജീവന് അപകടമുണ്ടായെന്നും സിങ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിങ്ങിന്റെ സഹോദരനാണ് പകര്‍ത്തിയത്.
സംഭവത്തില്‍ ഡോ. രാഘവ് നിരൂലയെ ഐജിഎംസി ഷിംലയിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് സ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നതായി ഹിമാചല്‍ പ്രദേശ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഉത്തരവില്‍ വ്യക്തമാക്കി.