News

തണ്ടപ്പേര്‍ ലഭിക്കാതെ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

By webdesk17

January 17, 2026

പാലക്കാട്: അട്ടപ്പാടി തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുലിയറ സ്വദേശി പി.കെ. ഗോപാലകൃഷ്ണന്‍ ആണ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്പ് അട്ടപ്പാടിയിലെ സഹോദരനെ ഫോണ്‍ ചെയ്ത് വിഷം കഴിച്ച വിവരം അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

കാലിലെ അസുഖത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതിരുന്നതും, ബാങ്ക് ലോണ്‍ ജപ്തി നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ ഇടപാട് നടക്കാതിരുന്നതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂപ്പില്‍ നായരുടെ സര്‍വേ നമ്പറിലുള്ള ഭൂമികളുടെ ആധാരം തടഞ്ഞുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറിലാണ് ഗോപാലകൃഷ്ണന്റെ ഭൂമിയും വരുന്നതെന്ന് അധികൃതര്‍ പറയുന്നു. നാല് മാസം മുന്‍പ് തണ്ടപ്പേര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നരസിമുക്ക് ഇരട്ടക്കളത്തെ കൃഷ്ണസ്വാമി എന്ന കര്‍ഷകനും ആത്മഹത്യ ചെയ്തിരുന്നു.