ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായി യു.എസ് ആരംഭിച്ച താരിഫ് യുദ്ധം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
യു.എസുമായുള്ള വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി യൂറോപ്യന്‍ യൂനിയന്റെ 27 അംഗരാജ്യങ്ങളിലേക്ക് വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. യു.എസിലേക്കുള്ള കയറ്റുമതി സാധ്യതകള്‍ മങ്ങിയതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് യൂറോപ്യന്‍ യൂനിയന്റെ ശ്രദ്ധ മാറുന്നത്. ഇതോടൊപ്പം, കഴിഞ്ഞ ജൂലൈയില്‍ ഒപ്പിട്ട ഇന്ത്യയു.കെ വ്യാപാര കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ ബ്രിട്ടന്‍ ശ്രമിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ എതിര്‍ത്ത ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യു.കെ, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കുമേലാണ് യു.എസ് 10 ശതമാനം അധിക താരിഫ് ചുമത്തിയത്. ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഈ താരിഫ് ജൂണ്‍ ഒന്നോടെ 25 ശതമാനമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ലാന്‍ഡ് പൂര്‍ണമായും യു.എസിന്റെ നിയന്ത്രണത്തിലാകുന്നത് വരെ താരിഫ് വര്‍ധന തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ്‌യൂറോപ്യന്‍ യൂനിയന്‍ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ശ്രമിക്കുമെന്നാണ് റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി കമ്പനിയായ ടി.ടി ലിമിറ്റഡിന്റെ എം.ഡി സഞ്ജയ് ജെയിന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്ക് അനുകൂലമായ മികച്ച കരാര്‍ ലഭിക്കുമെന്നും, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അതിന് വേഗത്തില്‍ അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 27നാണ് ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും ഇന്ത്യയിലെത്തി കരാര്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അനിശ്ചിതത്വവും തടസ്സങ്ങളും നിറഞ്ഞ ആഗോള വ്യാപാര സാഹചര്യത്തില്‍ സ്ഥിരതയുള്ള വ്യാപാര പങ്കാളി എന്ന നിലയില്‍ ഇന്ത്യക്ക് പുതിയ അവസരം ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യു.എസുമായുള്ള വ്യാപാര അനിശ്ചിതത്വത്തിനിടയില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചതാണ് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. താരിഫ് അനിശ്ചിതത്വം നിലനിന്ന ജനുവരിനവംബര്‍ കാലയളവില്‍ യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 16 ശതമാനവും ചൈനയിലേക്കുള്ളത് 15 ശതമാനവും ഉയര്‍ന്നതായാണ് കണക്ക്.
യു.എസ്‌യൂറോപ്യന്‍ യൂനിയന്‍ താരിഫ് യുദ്ധം ആരംഭിച്ചാല്‍ ആഗോള വ്യാപാരം മറ്റ് രാജ്യങ്ങളിലേക്ക് മാറുമെന്നും, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കാണ് ഇതിന്റെ പ്രധാന നേട്ടമുണ്ടാകുകയെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായി വ്യക്തമാക്കി.