കൊല്ലം: വിസ്മയ കേസ് പ്രതിയായ കിരണ്‍ കുമാറിന് (34) നേരെ വീടുകയറി മര്‍ദനം നടത്തിയ സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നതായും പൊലീസ് പറഞ്ഞു.
ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് ആക്രമണം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ പേര് പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് വെല്ലുവിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ കിരണിനെ യുവാക്കള്‍ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു.
മുന്‍പും പലതവണ യുവാക്കളുടെ സംഘം ബൈക്കുകളില്‍ വീടിന് മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നുവെന്നും, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ കണ്ടാല്‍ അറിയുന്നവരാണെന്നും പൊലീസ് അറിയിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തി നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന് വിസ്മയ കേസുമായി നേരിട്ടുള്ള ബന്ധമില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
നിലമേല്‍ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാര്‍ഥിനിയുമായിരുന്ന വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവായ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ ഇപ്പോള്‍ താമസിക്കുന്നത്.