Connect with us

india

എന്തുകൊണ്ടാണ് അഗ്നിപഥ് പദ്ധതിക്കെതിരെ ഇത്ര വലിയ എതിര്‍പ്പ് ഉയരുന്നത്?; കാരണം ഇതൊക്കെ

സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയായ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Published

on

ന്യൂഡല്‍ഹി: സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയായ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബിഹാറില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ അലയടികള്‍ യു. പിയും മധ്യപ്രദേശും അടക്കം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു തുടങ്ങി. എന്തുകൊണ്ടാണ് അഗ്നിപഥ് പദ്ധതിക്കെതിരെ ഇത്ര വലിയ എതിര്‍പ്പ് ഉയരുന്നത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ മാത്രമല്ല, സൈനിക, പ്രതിരോധ മേഖലകളിലെ വിദഗ്ധര്‍ അടക്കം പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ മുന്നോട്ടു വെക്കുന്ന ആശങ്കകളില്‍ ചിലത് ഇതാണ്.

സായുധ പരിശീലനം
ലഭിച്ച തൊഴിലില്ലാപ്പട

നാലുവര്‍ഷത്തേക്ക് മാത്രമാണ് അഗ്നീവറായി നിയമനം ലഭിക്കുക. അതു കഴിഞ്ഞാല്‍ എക്‌സിറ്റ് പ്ലാന്‍ വഴി പുറത്തു പോകണം. അതായത് നാലു വര്‍ഷം കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടപ്പെടും. സായുധ പരിശീലനം ലഭിച്ച തൊഴിലില്ലാപ്പട പെരുകുന്നത് പ്രതിസന്ധി സൃഷ്ടിക്കും. തീവ്രവാദ, വിധ്വംസക സംഘങ്ങളിലേക്ക് ഇത്തരക്കാര്‍ എത്തിപ്പെട്ടാല്‍ ഭവിഷ്യത്ത് ഗുരതരമായിരിക്കും. അഗ്നീവറായി സേവനം ചെയ്ത് പുറത്തു പോകുന്നവര്‍ത്ത് തുടര്‍ പഠനത്തിന് പ്ലസ് ടു – തതുല്യത യോഗ്യതയുള്ള സര്‍ട്ടിഫിക്കറ്റോ സ്വയം സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പയോ ലഭ്യമാക്കുമെന്നാണ് ഇതിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.

സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തെ തകര്‍ക്കും

സൈന്യത്തിന്റെ ആധുനിക വല്‍ക്കരണവുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളേയും തകിടം മറിക്കും എന്നതാണ് അഗ്നിപഥിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. സര്‍വീസില്‍ എത്തുന്നവര്‍ നാലു വര്‍ഷം കഴിഞ്ഞാല്‍ പദവിയിലുണ്ടാകില്ല എന്നതു കൊണ്ടുതന്നെ പരിചയ സമ്പന്നരായ സൈനികരുടെ അഭാവം വെല്ലുവിളിയാകും. ആധുനിക യുദ്ധോപകരണങ്ങളില്‍ ഉള്‍പ്പെടെ നിരന്തര പരിശീലനം ലഭിക്കുന്നതിനുള്ള സാധ്യതയും പരിമിതമായിരിക്കും. അഗ്നീവര്‍മാരില്‍ നാലില്‍ ഒന്നിനെ മികവിന് അനുസരിച്ച് കരസേനയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇതിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.

സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കും

യുദ്ധമുഖത്ത് ഉള്‍പ്പെടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായാണ് ആളുകള്‍ സൈനിക സേവനത്തിന് എത്തുന്നത്. എന്നാല്‍ നാലു വര്‍ഷമെന്ന പരിമിതകാല നിയമനം സൈനിക സേവനത്തോടുള്ള ആത്മാര്‍പ്പണത്തെ ബാധിക്കും. റിസ്‌ക് എടുക്കാനുള്ള താല്‍പ്പര്യക്കുറവിന് സാധ്യതയുണ്ട്. ഇത് സൈന്യത്തിന്റെ മൊത്തത്തിലുള്ള ശേഷിയെ ബാധിക്കും. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ സൈനിക നിയമനങ്ങള്‍ തുടരുമെന്നാണ് ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം നിരത്തുന്ന വാദം.

പ്രായത്തിന്റെ പക്വതക്കുറവ്

പതിനേഴര വയസ്സിനും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അഗ്നീവര്‍ നിയമനത്തിന് യോഗ്യതയെന്നാണ് കേന്ദ്രം പറയുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് ഉള്ള ആളുകളെ രാജ്യരക്ഷാ ജോലിക്ക് നിയമിക്കുന്നത് ഗുണകരമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളും സൈനിക വൃത്തിക്ക് യുവാക്കളെയാണ് ആശ്രയിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.

കേന്ദ്ര നീക്കം ഗൃഹപാഠമില്ലാതെ

വേണ്ടത്ര ഗൃഹപാഠമോ കൂടിയാലോചനകളോ ഇല്ലാതെയാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതെന്ന് മുന്‍ സൈനിക മേധാവികള്‍ അടക്കം വിമര്‍ശനം ഉന്നയിക്കുന്നു. ആരുമായും കൂടിയാലോചിച്ചില്ല. സാമ്പത്തിക ലാഭം മാത്രമാണ് കേന്ദ്രം നോക്കുന്നത്. സൈന്യത്തെ മുച്ചൂടും മാറ്റിമറിക്കുന്ന തീരുമാനമെടുക്കുമ്പോള്‍ അതിന്റെ നേട്ട, കോട്ടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പഠിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇൻഡിഗോയുടെ 10,000 രൂപ വരെ യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ; റീഫണ്ടും ആരംഭിച്ചു

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു.

Published

on

ന്യൂഡൽഹി: വിമാന സർവീസ് പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ പ്രഖ്യാപിച്ച യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു. സർവീസ് തടസ്സപ്പെട്ട സമയദൈർഘ്യം അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.

ട്രാവൽ വൗച്ചറുകൾക്ക് 12 മാസം വരെ കാലാവധി ഉണ്ടായിരിക്കും. ഇൻഡിഗോയിൽ നടത്തുന്ന ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ റീഫണ്ട് ലഭിക്കാത്തവർക്ക് ഉടൻ തന്നെ തുക ലഭ്യമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

ട്രാവൽ ഏജന്റുമാർ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും റീഫണ്ട് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നുമുതൽ റീഫണ്ട് ലഭിക്കേണ്ട യാത്രക്കാരെ ഇൻഡിഗോ അധികൃതർ വിവരശേഖരണത്തിനായി നേരിട്ട് ബന്ധപ്പെടും. ആവശ്യമായ വിവരങ്ങൾ ലഭ്യമാകുന്ന പക്ഷം യാത്രക്കാർക്ക് നേരിട്ട് ട്രാവൽ വൗച്ചറുകൾ കൈമാറും.

യാത്രക്കാരെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ, ജനുവരി ഒന്നുമുതൽ പ്രത്യേക വെബ് പേജ് ആരംഭിക്കുമെന്നും, വൗച്ചർ ലഭിക്കാനാഗ്രഹിക്കുന്നവർക്ക് അവിടെ വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

 

Continue Reading

india

ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; ഒഡിഷയിൽ ഒരാൾ കൊല്ലപ്പെട്ടു, ആറു പേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്.

Published

on

ന്യൂഡൽഹി: ഒഡിഷയിലെ സംഭൽപൂർ ജില്ലയിൽ ബംഗ്ലാദേശ് സ്വദേശികളെന്ന് ആരോപിച്ച് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടത് ജുവൽ ശൈഖ് ആണ്.

വ്യാഴാഴ്ച്ച രാത്രി തൊഴിലാളി സംഘം ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. ആറ് പേർ ചേർന്ന് ഇവരെ തടഞ്ഞ് നിർത്തി ബീഡി ആവശ്യപ്പെടുകയും തുടർന്ന് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബീഡി നൽകാത്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജുവൽ ശൈഖിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കഴിഞ്ഞ ഏഴ് വർഷമായി സംഭൽപൂരിൽ താമസിക്കുന്നവരാണെന്നും ആക്രമികൾക്ക് ഇവരെ പരിചയമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബംഗാളികൾക്കെതിരായ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയമാണ് തെരുവുകളിലെ അക്രമങ്ങൾക്ക് കാരണമാകുന്നതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.

Continue Reading

india

ബി.ജെ.പി നേതാവിന്റെ മകന്റെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ ബി.ജെ.പി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശര്‍മ്മയുടെ മകന്‍ രജത് ശര്‍മ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏഴ് മാസമായി ഗായത്രി ശര്‍മ്മ, ഭര്‍ത്താവ് സഞ്ജയ് ശര്‍മ്മ, മകന്‍ രജത് ശര്‍മ്മ എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഏപ്രില്‍ 14ന് രജത് ശര്‍മ്മയ്ക്കെതിരെ കോട്വാലി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 30ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു മാസത്തിന് ശേഷം ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

ആത്മഹത്യാക്കുറിപ്പില്‍, രജത് ശര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഗായത്രി ശര്‍മ്മ നേരത്തെ അറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വിവാഹവുമായി മുന്നോട്ട് പോയെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

ഏപ്രില്‍ 14ന് പൊലീസ് സ്റ്റേഷനില്‍ അഞ്ച് മണിക്കൂര്‍ കാത്തിരുന്നിട്ടും പരാതി സ്വീകരിച്ചില്ലെന്നും അതേ ദിവസം തന്നെ രജത് ശര്‍മ്മയുടെ വിവാഹനിശ്ചയം നടന്നുവെന്നും കുറിപ്പില്‍ പറയുന്നു. കേസായതോടെ രാഷ്ട്രീയ സ്വാധീനവും പൊലീസും ഉപയോഗിച്ച് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കേസ് പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. നിരന്തരമായ അപമാനവും ഭീഷണിയും തന്നെ മാനസികമായി തകര്‍ത്തുവെന്നും കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹന്‍ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഇടപെട്ട് നീതി നല്‍കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ചതായും ശിവപുരി പൊലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

Trending