Connect with us

News

ഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി

ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

Published

on

വാഷിംഗ്ടണ്‍: ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ആര്‍ട്ടിമിസ്-2 ദൗത്യത്തിന്റെ വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റുകയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അറിയിച്ചു. ഫെബ്രുവരിയില്‍ ദൗത്യം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.

വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ വെറ്റ് ഡ്രെസ് റിഹേഴ്‌സലിനിടെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. എസ്.എല്‍.എസ്. വിക്ഷേപണ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. കൂടാതെ ഒറയോണ്‍ യാത്രാ പേടകത്തിലെ മര്‍ദ്ദ നിയന്ത്രണ വാള്‍വിലും ചെറിയ തകരാര്‍ കണ്ടെത്തി. വാള്‍വ് മാറ്റി പ്രശ്‌നം പരിഹരിച്ചെങ്കിലും ഹൈഡ്രജന്‍ ചോര്‍ച്ച പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല.

ഈ സാഹചര്യത്തിലാണ് ആര്‍ട്ടിമിസ്2 വിക്ഷേപണം മാര്‍ച്ചിലേക്ക് നീട്ടാന്‍ നാസ തീരുമാനിച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഹൈഡ്രജന്‍ ചോര്‍ച്ച പൂര്‍ണമായും പരിഹരിച്ച ശേഷം വീണ്ടും ഒരു വെറ്റ് ഡ്രെസ് റിഹേഴ്‌സല്‍ നടത്തുമെന്നും അതിന് ശേഷമേ അന്തിമ വിക്ഷേപണ തീയതി പ്രഖ്യാപിക്കൂവെന്നും നാസ അറിയിച്ചു.

പത്ത് ദിവസം നീളുന്ന ആര്‍ട്ടിമിസ്2 ദൗത്യത്തിലൂടെ നാല് ബഹിരാകാശയാത്രികരാണ് ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് തിരിച്ചെത്തുക. നാസയുടെ റീഡ് വൈസ്മാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ്. വിക്ടര്‍ ഗ്ലോവര്‍ മിഷന്‍ പൈലറ്റും, ക്രിസ്റ്റീന കോച്ച് മിഷന്‍ സ്‌പെഷ്യലിസ്റ്റുമാണ്. കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറമി ഹാന്‍സന്‍ സംഘത്തിലെ നാലാമത്തെ അംഗമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു

 അപകടകാരിയായ ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഹര്‍ഷ് നാഗ്പൂര്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Published

on

By

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ അപകടകാരിയായ കോള്‍ഡ്റിഫ് കഫ് സിറപ്പ് കഴിച്ചതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസ്സുകാരനും മരിച്ചു. നാല് മാസമായി കോമയിലായിരുന്നു കുട്ടി. നാഗ്പൂരിലെ എയിംസില്‍ വെച്ചായിരുന്നു മരണം. ടിക്കബാരി ഗ്രാമത്തില്‍ നിന്നുള്ള ഹര്‍ഷാണ് മരിച്ചത്.

അപകടകാരിയായ ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഹര്‍ഷ് നാഗ്പൂര്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോള്‍ഡ്രിഫ് ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ നിരവധി കുട്ടികള്‍ മരിച്ചിരുന്നു. ജലദോഷവും പനിയും ബാധിച്ച കുട്ടികള്‍ക്കാണ് കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള പതിവ് മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.

മരുന്ന് കഴിച്ച കുട്ടികളുടെ ആരോഗ്യനിലയില്‍ ആദ്യം നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. തുടര്‍ന്ന് രോഗം വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച കോള്‍ഡ്രിഫ് സിറപ്പ് സാമ്പിളില്‍ മായം കലര്‍ന്നതായി തമിഴ്നാട് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി ഒക്ടോബര്‍ 2ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രഖ്യാപിച്ചിരുന്നു.

Continue Reading

News

ലോക്സഭയില്‍ വീണ്ടും രാഹുലിന്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Published

on

By

ന്യൂഡല്‍ഹി: ലോക്സഭയില്‍ ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞ് സ്പീക്കര്‍. ഇതിനു പിന്നാലെ സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയ്തു. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.

മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിര്‍പ്പുമായി ശബ്ദമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍, പറഞ്ഞ കാര്യം രാഹുലിന് ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വിഷയത്തില്‍ ഇന്നലെ തന്നെ സ്പീക്കറുടെ റൂളിങ് ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേല്‍ മറുപടി പറയാനാണ് രാഹുലിന് അനുമതി നല്‍കിയിട്ടുള്ളത് എന്ന് സ്പീക്കര്‍ പറഞ്ഞു. ഒരിക്കല്‍ റൂളിങ് നല്‍കിയാല്‍ ലംഘിക്കരുത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ഭരണപക്ഷത്തിന് സംസാരിക്കാന്‍ മാത്രമുള്ളതാണോയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. കിരണ്‍ റിജിജു തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വേണുഗോപാലിന്റെ മൈക്ക് ഓഫാക്കി.

Continue Reading

News

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും മലയാളി കരുത്ത്; സലാഹുദ്ദീന്‍ അദ്‌നാന്‍ മഞ്ഞപ്പടയില്‍ തിരിച്ചെത്തുന്നു

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

Published

on

By

കൊച്ചി: മലയാളി താരം സലാഹുദ്ദീന്‍ അദ്‌നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മഞ്ഞപ്പടയ്ക്ക് കരുത്തേകുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്‍, തന്റെ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവാണ് ഇതോടെ പൂര്‍ത്തിയാക്കുന്നത്.

വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും സലാഹുദ്ദീനെ വിങ്ങുകളില്‍ ശ്രദ്ധേയനാക്കുന്ന പ്രധാന ഘടകങ്ങളാണ്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലബ്ബ് സിഇഒ അഭിക് ചാറ്റര്‍ജി പ്രതികരിച്ചു. കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധനായ യുവതാരമാണ് സലാഹുദ്ദീന്‍. ടീമിനൊപ്പം വളരാനും മികച്ച സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 14ന് കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെതിരെയാണ്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍.

ഫെബ്രുവരി 28, മാര്‍ച്ച് 7, 21, ഏപ്രില്‍ 15, 18, 23, മെയ് 10, 17 എന്നീ ദിവസങ്ങളിലും ബ്ലാസ്റ്റേഴ്സിന് കോഴിക്കോട്ട് ഹോം മത്സരങ്ങളുണ്ട്. സീസണിലെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

 

Continue Reading

Trending