Connect with us

india

വിദ്വേഷ പ്രസംഗത്തിന് 7 വര്‍ഷം തടവ്: ബില്‍ രാഷ്ട്രപതിക്ക് അയച്ച് കര്‍ണാടക ഗവര്‍ണര്‍

ഭരണഘടനാപരമായ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം.

Published

on

ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘കര്‍ണാടക വിദ്വേഷ പ്രസംഗ – വിദ്വേഷ കുറ്റകൃത്യ നിരോധന ബില്‍ 2025’ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ഭരണഘടനാപരമായ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം.

ബില്‍ പ്രകാരം വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ പത്ത് വര്‍ഷം വരെ തടവായും ഒരു ലക്ഷം രൂപ പിഴയായും വര്‍ദ്ധിക്കും.

വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയിലൂടെ ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഏതെങ്കിലും സമുദായത്തിനോ എതിരെ വിദ്വേഷം നടത്തുന്നത് കുറ്റകരമാകും. കൂടാതെ വിദ്വേഷം പടര്‍ത്തുന്ന ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. അതേസമയം ഏതെങ്കിലും സംഘടന വഴിയാണ് വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഭാരവാഹികളും കുറ്റക്കാരാകും.

ബെലഗാവിയില്‍ നടന്ന ശൈത്യകാല സമ്മേളനത്തിലാണ് സര്‍ക്കാര്‍ ഈ ബില്‍ പാസാക്കിയത്. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയിരുന്നു.

സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനാണ് ഈ നിയമം കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ മനഃപൂര്‍വം തടയുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര കുറ്റപ്പെടുത്തി.

india

ഫെഡറലിസത്തിന്റെ പരീക്ഷ: കേന്ദ്ര ബജറ്റിൽ കേരളം എവിടെ?

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

Published

on

രാജ്യത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് കേന്ദ്ര ബജറ്റ്. ഓരോ സംസ്ഥാനവും വലിയ പ്രതീക്ഷകളോടെയാണ് ബജറ്റ് ദിനത്തെ കാണുന്നത്. വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണം എന്നിവയ്ക്കുള്ള നീതിപൂർവമായ വിഹിതം ലഭിക്കുമോ എന്ന ആശങ്കയും പ്രതീക്ഷയും ഒരുപോലെ സംസ്ഥാനങ്ങളിലുണ്ട്. എന്നാൽ ഈ വർഷവും കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശയുടെ രേഖയായി മാറുകയാണ്.

കേരളം രാജ്യത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹ്യ ക്ഷേമ സൂചികകളിലും കേരളം രാജ്യത്തിന് മുന്നിൽ ഒരു മാതൃകയാണ്. വിദേശ നാണയ സമാഹരണത്തിൽ വലിയ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം, ഉയർന്ന മനുഷ്യവികസന സൂചിക, മികച്ച പൊതുജനാരോഗ്യ സംവിധാനം എന്നിവയൊക്കെ കേരളത്തിന്റെ ശക്തികളാണ്. ഇത്രയേറെ സംഭാവനകൾ നൽകിയിട്ടും, കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം പുതുമയുള്ളതല്ല.

കഴിഞ്ഞ വർഷങ്ങളിലായി കേരളം തുടർച്ചയായ പ്രകൃതി ദുരന്തങ്ങളാണ് നേരിട്ടത്. മഹാപ്രളയം, ഉരുൾപൊട്ടലുകൾ, തീരദേശ ക്ഷയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക പാക്കേജുകളും അധിക ധനസഹായവും കേരളത്തിന് ആവശ്യമായിരുന്നു. എന്നാൽ ഈ ബജറ്റിലും ആ പ്രതീക്ഷകൾക്ക് വലിയ മറുപടി ലഭിച്ചിട്ടില്ല.

റെയിൽവേ, ദേശീയപാത, തുറമുഖ വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളിൽ കേരളം വർഷങ്ങളായി പിന്നോക്കം നിൽക്കുകയാണ്. ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടും, കേന്ദ്ര പദ്ധതികളിൽ കേരളം പലപ്പോഴും അവഗണിക്കപ്പെടുന്നു. വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾക്ക് വലിയ തോതിൽ പദ്ധതികളും ഫണ്ടും അനുവദിക്കുമ്പോൾ, കേരളത്തിന്റെ ആവശ്യങ്ങൾ പലതും അവഗണിക്കപ്പെടുന്ന അവസ്ഥയാണ് കാണുന്നത്.

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം വല്ലാതെ കുറയുകയുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കാത്തത് കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. കേന്ദ്രം നിശ്ചയിക്കുന്ന നികുതി നയങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനുള്ള അവസരം കുറവായിരിക്കുമ്പോൾ, ബജറ്റിലൂടെ എങ്കിലും നീതിപൂർവമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ അതും നിറവേറ്റപ്പെട്ടില്ല.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, ഈ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താൻ കേന്ദ്ര സഹായം അനിവാര്യമാണ്. മെഡിക്കൽ കോളേജുകളുടെ വികസനം, ഗവേഷണ കേന്ദ്രങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് അനുവദനത്തിൽ കേരളം പിന്നിലാക്കപ്പെടുന്നതായി കാണാം. ഇത് സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളെയും ബാധിക്കുന്ന വിഷയമാണ്.

കേന്ദ്ര സർക്കാർ പലപ്പോഴും “കോ-ഓപ്പറേറ്റീവ് ഫെഡറലിസം” എന്ന ആശയം മുന്നോട്ടുവയ്ക്കാറുണ്ട്. എന്നാൽ ബജറ്റ് കണക്കുകൾ പരിശോധിക്കുമ്പോൾ ആ വാക്കുകൾ പ്രായോഗികതയിലേക്ക് മാറുന്നില്ലെന്ന് വ്യക്തമാകുന്നു. ഫെഡറൽ ഘടനയുടെ ആത്മാവിന് വിരുദ്ധമായി, ചില സംസ്ഥാനങ്ങളെ പ്രീതിപ്പെടുത്തുന്ന സമീപനമാണ് പലപ്പോഴും കേന്ദ്ര നയങ്ങളിൽ പ്രതിഫലിക്കുന്നത്. ഇത് കേരളം മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണ്.

എല്ലാ സംസ്ഥാനങ്ങൾക്കും നീതിയും സമത്വവും ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. രാഷ്ട്രീയ നിലപാടുകളുടെ പേരിലോ തിരഞ്ഞെടുപ്പ് ഗണിതത്തിന്റെ അടിസ്ഥാനത്തിലോ വികസന ഫണ്ട് വിതരണം ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തിനും ഫെഡറൽ സംവിധാനത്തിനും ദോഷകരമാണ്. കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്നത് കേന്ദ്രത്തോട് വൈരാഗ്യം പുലർത്തലല്ല. മറിച്ച്, അർഹമായ അവകാശങ്ങൾ ചോദിച്ചുപറയലാണ്. കേന്ദ്ര-സംസ്ഥാന ബന്ധം ഏറ്റുമുട്ടലല്ല, സഹകരണമാണ് എന്ന ബോധം കേന്ദ്ര ഭരണകൂടം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വികസനം ഒരൊറ്റ സംസ്ഥാനത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം സ്വത്തല്ല; അത് രാജ്യത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള വഴിയാണ്.
അതിനാൽ, കേരളത്തിന്റെ ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുകയും, അർഹമായ ധനസഹായവും പദ്ധതികളും നൽകുകയും ചെയ്യുക എന്നത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണ്. അല്ലാത്തപക്ഷം, “സമവായ വികസനം” എന്ന മുദ്രാവാക്യം വെറും വാക്കുകളായി മാത്രമേ തുടരൂ.

Continue Reading

india

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം

ബി.ജെ.പി നേതാക്കളുടെ അഴിമതി വെളിപ്പെടുത്തുന്ന ചില ഫയലുകള്‍ അജിത് പവാറിന്റെ പക്കലുണ്ടായിരുന്നുവെന്നും അത് പുറത്തുവിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

Published

on

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍. ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്, കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാര്‍ എന്നിവരാണ് ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയത്. ബി.ജെ.പി നേതാക്കളുടെ അഴിമതി വെളിപ്പെടുത്തുന്ന ചില ഫയലുകള്‍ അജിത് പവാറിന്റെ പക്കലുണ്ടായിരുന്നുവെന്നും അത് പുറത്തുവിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. എന്‍.സി.പി സ്ഥാപകന്‍ ശരദ് പവാറുമായി അജിത് പവാര്‍ വീണ്ടും അടുക്കുന്നതില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അവസാന നിമിഷം വിമാനത്തിലെ പൈലറ്റിനെ മാറ്റിയതും വിമാനത്തിന് കൃത്യമായ മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതും അന്വേഷിക്കണമെും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ (66) മരിക്കുന്നത്. 2026 ജനുവരി 28-ന് രാവിലെ പൂണെയിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു.

അതേസമയം കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ കാഴ്ചപരിധിയും മൂലം ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. നിലവില്‍ മഹാരാഷ്ട്ര സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.

 

Continue Reading

india

‘സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യം’; രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ദീപക് കുമാര്‍ എന്ന യുവാവിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ദീപക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ഉത്തരാഖണ്ഡ് സ്വദേശിയായ ദീപക് ഇന്ത്യയുടെ ഹീറോയാണ്. ബിജെപിയും സംഘപരിവാറും ദിനംപ്രതി ചവിട്ടിമെതിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടി ദീപക് പോരാടുകയാണ്. വെറുപ്പിന്റെ വിപണിയിലെ സ്‌നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് ദീപക്. ഇതാണ് അവരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. ഇന്ത്യ വിഭജിക്കപ്പെട്ട നിലയില്‍ തുടരാനും ഭയം നിറച്ച് ചിലര്‍ക്കുമാത്രം ഭരണത്തില്‍ തുടരാനും സംഘപരിവാര്‍ മനഃപൂര്‍വം രാജ്യമെമ്പാടും സാമ്പത്തികവും സാമൂഹികവുമായ വിഷം പരത്തുകയാണ്. പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പരസ്യമായി പിന്തുണയ്ക്കുന്നു. വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തില്‍ ഒരു രാജ്യത്തിനും പുരോഗമിക്കാന്‍ കഴിയില്ല. സമാധാനമില്ലെങ്കില്‍ വികസനം വെറും മുദ്രാവാക്യം മാത്രമാണ്. തലകുനിക്കാത്ത, ഭയപ്പെടാത്ത, ഭരണഘടനയ്‌ക്കൊപ്പം ശക്തമായി നിലകൊളളുന്ന കൂടുതല്‍ ദീപക്കുമാരെ നമുക്കാവശ്യമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് സഹോദരാ, ഭയപ്പെടേണ്ട. താങ്കള്‍ ഒരു സിംഹമാണ്’: രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ജനുവരി 26-നാണ് ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ എഴുപതുകാരനായ വകീല്‍ അഹമ്മദ് എന്ന കച്ചവടക്കാരന്റെ ബാബ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിംഗ് സെന്റര്‍ എന്ന കടയുടെ പേരിലെ ബാബ എന്ന വാക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്. ഒരുകൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കടയിലെത്തി അഹമ്മദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു.

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ രണ്ടാംകിട പൗരന്മാരാണോ എന്നും മുപ്പത് വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോട് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്‌നം എന്നുകൂടി ദീപക് ചോദിച്ചു. ദീപക്കിനെ പിന്തുണച്ച് സമീപത്തുളള യുവാക്കള്‍ കൂടി രംഗത്തെത്തിയതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

Continue Reading

Trending