കൊച്ചി: ജയറാം-കാളിദാസ് ജയറാം കൂട്ടുകെട്ടില്‍ എത്തിയ ‘ആശകള്‍ ആയിരം’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിഹരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിന് പ്രേക്ഷകരില്‍ നിന്ന് വലിയ കൈയ്യടി ലഭിക്കുകയാണ്. ‘പഴയ ജയറാമേട്ടന്‍ തിരിച്ചെത്തി’ എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്.
ഫെബ്രുവരി ആറിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ ഒരു കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി. രണ്ടാം ദിനത്തില്‍ ഇരട്ടി വരുമാനമാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആഗോള കളക്ഷന്‍ മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. ബുക്ക് മൈ ഷോ വഴി കഴിഞ്ഞ ദിവസം മാത്രം 36.48 ആയിരം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘ഒരു വടക്കന്‍ സെല്‍ഫി’ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ജൂഡ് ആന്തണി ജോസഫ് ആണ്. തിരക്കഥ അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്നാണ് ഒരുക്കിയത്.
സാങ്കേതിക വിഭാഗത്തില്‍ ഡി.ഒ.പി സ്വരൂപ് ഫിലിപ്പ്, സംഗീതം സനല്‍ ദേവ്, എഡിറ്റിംഗ് ഷഫീഖ് പി.വി, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് താനൂര്‍, ഗാനരചന മനു മഞ്ജിത്, ഹരിനാരായണന്‍ എന്നിവരാണ്. പിആര്‍ഒ പ്രതീഷ് ശേഖര്‍. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തിയ ചിത്രം മികച്ച വേഡ് ഓഫ് മൗത്തിനൊപ്പം ബോക്സ് ഓഫീസിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.