കടയ്ക്കല്‍: കടയ്ക്കലില്‍ യുവാവിനെ സൗഹൃദത്തിലാക്കി വീട്ടില്‍ വിളിച്ചുവരുത്തി കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം പണവും ബുള്ളറ്റ് ബൈക്കും കവര്‍ന്ന കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നേമം നല്‍ക്കര വീട്ടില്‍ ഗിരി (35) യെയാണ് കടയ്ക്കല്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ അജിത ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അജിതയുടെ അകന്ന ബന്ധുവായ ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശിയായ മനോജുമായി സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വഴിയും സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.
തുടര്‍ന്ന് അജിത മനോജിനോട് പണം കടമായി ആവശ്യപ്പെടുകയും, 5000 രൂപ നല്‍കാനായി കഴിഞ്ഞ ഒക്ടോബര്‍ 21ന് രാത്രി കടയ്ക്കല്‍ ആനപ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഏറ്റുമാനൂരില്‍ നിന്ന് ബൈക്കില്‍ എത്തിയ മനോജിനെ പ്രതികള്‍ മുറിയില്‍ പൂട്ടി കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു.
പിന്നീട് മനോജിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി 5000 രൂപ കൂടി കൈപ്പറ്റുകയും ചെയ്തു. കൂടാതെ ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്കും പ്രതികള്‍ കൈക്കലാക്കി. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട മനോജ് കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
കേസെടുത്ത വിവരം അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി. തിരുവനന്തപുരം നേമത്ത് വാടകവീട്ടില്‍ ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ എസ്.എച്ച്.ഒ സുബിന്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞ് ഗിരിയെ അറസ്റ്റ് ചെയ്തു. കവര്‍ന്ന ബുള്ളറ്റ് ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
തീവെപ്പ്, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള ഭാര്യ അജിതയ്ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.