kerala

അപമാനകരം, ഈ അപരിഷ്‌കൃത സമീപനം

By webdesk18

December 22, 2025

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിന് ശേഷം കേരളം മറ്റൊരു ആള്‍ക്കൂട്ടകൊലപാതകത്തിന്റെ നടുക്കത്തിലാണ്. മലയാളികളെയാകെ നാണക്കേടിലേക്ക് തള്ളിവിട്ട ഈ ദാരുണമായ സംഭവത്തിന് സാക്ഷിയായതാവട്ടേ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടു പിഞ്ചോമനകളുടെ ജീവന്‍ ദുരൂഹമായ സാഹചര്യത്തില്‍ നഷ്ടപ്പെട്ട അതേ വാളയാറിലും. കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടത് ഛത്തീസ്ഗഡ്, ബിലാസ്പൂര്‍ സ്വദേശിയായ രാമനാരായണ്‍ ഭയ്യാര്‍ ആണ്.

വാളയാര്‍ അട്ടപ്പള്ളത്ത് ജോലി തേടി എത്തിയ 31 കാരനായ ഭയ്യാറിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവില്‍ കിടന്ന ആ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും നേരിട്ട ശേഷമാണ് ആ യുവാവ് മരിച്ചത്.

മദ്യലഹരിയില്‍ ആയിരുന്ന രാമനാരായണ്‍ ഭയ്യാറിനെ മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാരുടെ സംഘം വളഞ്ഞുവെച്ചു. ചോദ്യം ചെയ്യല്‍ മര്‍ദ്ദനമായി മാറി. ബംഗ്ലാദേശിയല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനോട് ബംഗ്ലാദേശില്‍ ആരെങ്കിലും ഉണ്ടോ എന്ന് അക്രമികള്‍ ചോദിക്കുന്നുണ്ട്. തന്റെ ഒരു സഹോദരി അവിടെയുണ്ടന്ന് യുവാവ് മറുപടി പറയുന്നു. നീ ബംഗ്ലാദേശിയാണോ എന്ന് ആള്‍ക്കൂട്ടം അയാളോട് ചോദിച്ചു. വളരെ നിര്‍ജ്ജീവമായി അതേ എന്ന് അയാള്‍ മറുപടി പറയുമ്പോള്‍ ആള്‍ ക്കൂട്ടം വീണ്ടും അടിക്കാന്‍ ആരംഭിച്ചു. മര്‍ദ്ദനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് തടഞ്ഞുവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.

കേരളത്തില്‍ ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ ക്കൂട്ടക്കൊല അട്ടപ്പാടി സ്വദേശി മധുവിന്റേതാണ്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. കടയില്‍ നിന്ന് അരിയും ഭക്ഷ്യ വസ്തുക്കളും മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കു കയായിരുന്നു.

നാട്ടുകാരുടെ മര്‍ദ്ദനത്തിനൊടുവില്‍ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായ സാഹചര്യത്തില്‍ മറ്റൊരു മരണംകൂടി സംഭവിക്കുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകമെന്ന ഭീതിതമായ സാഹചര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് നമ്മുടെ നാടിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ധ്രുവീകരണ രാഷട്രീയത്തിന്റെ കരാള ഹസ്തങ്ങള്‍ വരിഞ്ഞുമുറുക്കിയ ഉത്തരേന്ത്യയില്‍ ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ആള്‍ക്കൂട്ടകൊ ലപാതകത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത്.

അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ക്കനുസൃത മായി, തരാതരംപോലെ മനുഷ്യ ജീവനുകള്‍തല്ലിക്കെടുത്തുന്നത് അവിടങ്ങളില്‍ സര്‍വസാധാരാണമാണ്. മതവും ജാതിയും മാത്രമല്ല ഭാഷയും തൊഴിലും ഭക്ഷണവും വസ്ത്രവും പോലും കാരണമാക്കപ്പെടുകയാണ്. സ്വന്തം വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിക്കപ്പെട്ട് വീടോടെ ചുട്ടുകൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്ക് മുതല്‍ ട്രെയിനില്‍ വെച്ച് ബീഫ് കഴിച്ചുവെന്ന കുറ്റംചുമത്തികൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയായ ജുനൈദ് വരെ ആള്‍ക്കൂട്ടക്കൊലപാതകമെന്ന കിരാത രാഷട്രീയത്തിന്റെ ഉദാഹരണങ്ങളാണ്.

ഉത്തരേന്ത്യയിലെ ഈ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ രാമനാരായണ്‍ ഭയ്യാറിന്റെ കൊലപാതകത്തിലും പ്രകടമാണ്. പ്രതിചേര്‍ക്കപ്പെട്ടവരുടെ രാഷ്ട്രീയം മാത്രമല്ല, ഇല്ലാതാക്കുന്നതിന് മുമ്പ് അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിന് അടിവരയിടുകയാണ്. നീ ബംഗ്ലാദേശിയല്ലേ എന്ന ചോദ്യത്തില്‍ തന്നെയുണ്ട് അക്രമികളുടെ മനോഭാവത്തിന്റെ ബഹിസ്ഫുരണം. അതുകൊണ്ട് തന്നെ കൊലപാതകത്തെപൊലെ തന്നെ ഗൗരവതരമാണ് അതിലേക്ക് നയിച്ച കാരണങ്ങളും.

സംഭവത്തിന്റെ എല്ലാ തലത്തിലുള്ള മാനങ്ങളും തിരിച്ചറിഞ്ഞ് അവയെല്ലാം മുളയിലെ നുള്ളിക്കളയുകയും അത്തരം സമീപനങ്ങളെ തലപൊക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്ന അതീവ ജാഗ്രതയോടുള്ള സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടത്. പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചതുപോലെ ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതും അത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതുമാണ്.