ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂണിയന്‍ (BKU). കരാറില്‍ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കോലം കത്തിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ കര്‍ഷകരുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യന്‍ കര്‍ഷകരെ തകര്‍ക്കുമെന്നും ടിക്കായത്ത് ആരോപിച്ചു. അമേരിക്കയില്‍ നിന്നുള്ള സബ്‌സിഡി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് പ്രാദേശിക കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോയാബീന്‍ ഓയില്‍, പഴങ്ങള്‍, കാലിത്തീറ്റ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകളുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ടിക്കായത്ത് ആരോപിച്ചു.
വ്യാപാര കരാറിന് പുറമെ, വിത്ത് ബില്ലും, വൈദ്യുതി ഭേദഗതി ബില്ലും കര്‍ഷകവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 12-ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതുപണിമുടക്കിന് കര്‍ഷകര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും കരാറില്‍ നിന്ന് നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ഇന്ത്യ ഈ കരാറുകളില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറണമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.